പരിക്കുമൂലം പുറത്തിരിക്കുന്ന സൂപർ താരം നെയ്മർ ജൂനിയർ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ബയേണിനെതിരെ ഇറങ്ങില്ലെന്നുറപ്പായി. നാന്റെസിനെതിരെ ലീഗ് വൺ മത്സരത്തിലും താരം കളിക്കില്ലെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 19ന് ലിലെക്കെതിരായ മത്സരത്തിൽ പരിക്കേറ്റുവീണ താരത്തെ സ്ട്രച്ചറിലാണ് പുറത്തേക്കെത്തിച്ചിരുന്നത്. കാലിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി പരിശോധനകളിൽ വ്യക്തമായിരുന്നു.
നെയ്മർക്കു പകരം ഒരു സ്ട്രൈക്കറെ കൂടി ഇറക്കുന്നതിന് പകരം മിഡ്ഫീൽഡറെയാകും പരീക്ഷിക്കുകയെന്ന് കോച്ച് ക്രിസ്റ്റഫ് ഗാൽറ്റിയെ പറഞ്ഞു. ‘‘നെയ്മർ ഇല്ലാത്തത് വലിയ നഷ്ടമാണ്. എന്നാൽ, പകരം ഒരു മിഡ്ഫീൽഡറെ ഇറക്കി ടീം ബാലൻസ് ചെയ്യാൻ ശ്രമിക്കും’’- പരിശീലകൻ പറഞ്ഞു. രണ്ടു സ്ട്രൈക്കർമാരും (മെസ്സി, എംബാപ്പെ) മൂന്ന് മിഡ്ഫീൽഡർമാരും ഇറങ്ങുന്നത് മികച്ച കോംബിനേഷനാണെന്ന് മാഴ്സെക്കെതിരായ മത്സരം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. അഷ്റഫ് ഹകീമി ടീമിനൊപ്പമുണ്ടാകുമെങ്കിലും ഇറങ്ങിയേക്കില്ലെന്നാണ് കോച്ച് നൽകുന്ന സൂചന.
പാരിസ് മൈതാനത്ത് നടന്ന കളിയിൽ പി.എസ്.ജി ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി സമ്മതിച്ചിരുന്നു. വലിയ മാർജിനിൽ ജയിച്ച് ക്വാർട്ടർ പ്രവേശനമാണ് പി.എസ്.ജി സ്വപ്നം കാണുന്നത്. യൂറോപിന്റെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള ആവേശപ്പോരിൽ ഇതുവരെയും കപ്പുയർത്താനായിട്ടില്ലെന്ന അപഖ്യാതി ഇത്തവണയെങ്കിലും മാറ്റിക്കുറിക്കാനാണ് പി.എസ്.ജി ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.