സാവോപോളോ: മോഡലുമായുള്ള ചാറ്റ് പുറത്തുവന്നതിനു പിന്നാലെ ബ്രസീൽ സൂപ്പർതാരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും തമ്മിൽ വേർപിരിഞ്ഞു. നെയ്മർ ഓണ്‍ലി ഫാൻസ് മോഡലുമായി ഫോണിൽ നടത്തിയ ചാറ്റുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നെയ്മറിനും ബ്രൂണക്കും കഴിഞ്ഞ മാസമാണു പെൺകുഞ്ഞ് പിറന്നത്. നെയ്മറിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ഈ വർഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബിൽ പാർട്ടി നടത്തുന്ന നെയ്മറിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ബ്രസീലിൽനിന്നുള്ള ഓൺലി ഫാൻസ് താരം അലിന്‍ ഫരിയാസുമായി താരം നടത്തിയ ചാറ്റിങ്ങിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
അലിനോട് താരം സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് പ്രചരിക്കുന്നത്. അലിൻ തന്നെയാണ് ഇത് പുറത്തുവിട്ടതെന്നാണ് വിവരം. നെയ്മറുമായി വേർപിരിയുന്ന വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബ്രൂണ അറിയിച്ചത്. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും അഭ്യൂഹങ്ങൾ പരന്നതിനാലാണു വിശദീകരണം നൽകുന്നതെന്നും ബ്രൂണ പറഞ്ഞു.
‘ഇതൊരു സ്വകാര്യ വിഷയമാണ്, പക്ഷേ ഞാൻ ദിനേന വാർത്തകളിലും അഭ്യൂഹങ്ങളിലും തമാശകളിലും ഇടംപിടിക്കുന്നതിനാലാണ്, വേർപിരിഞ്ഞ വിവരം അറിയിക്കുന്നത്. ഞങ്ങൾ മാവിയുടെ രക്ഷിതാക്കളാണ്. അതാണു ഞങ്ങളുടെ ബന്ധത്തിനു കാരണം’ -ബ്രൂണ പ്രതികരിച്ചു. പെൺകുഞ്ഞ് പിറന്ന കാര്യം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ നെയ്മർ തന്നെയാണ് കഴിഞ്ഞമാസം ആരാധകരെ അറിയിച്ചത്.
‘ഞങ്ങളുടെ ജീവിതം പൂർണമാക്കാൻ മാവി എത്തി’ എന്നാണ് സൂപ്പർതാരം അന്ന് എക്സിൽ കുറിച്ചത്. ബ്രൂണക്കൊപ്പം കുട്ടിയെ കൈയിലെടുത്ത് നിൽക്കുന്നതിന്‍റെയും ചുംബിക്കുന്നതിന്‍റെയും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 2020ൽ കോവിഡ് കാലത്താണ് മോഡലും സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറുമായ ബ്രൂണയും നെയ്മറും തമ്മിൽ പ്രണയത്തിലാകുന്നത്. 2022ലാണ് ബന്ധം പുറംലോകം അറിയുന്നത്.
എന്നാൽ, അതേ വർഷം തന്നെ ഇരുവരും പിരിഞ്ഞു. പിന്നാലെ കഴിഞ്ഞ ജനുവരിയിൽ പ്രശ്‌നങ്ങൾ പറഞ്ഞുപരിഹരിക്കുകയായിരുന്നു. ഇതിനിടെ ഗർഭിണിയായ ബ്രൂണയോട് പരസ്യമായി ക്ഷമാപണം നടത്തി നെയ്മർ രംഗത്തുവരികയും ചെയ്തു. പ്രണയിച്ച് വഞ്ചിച്ചെന്ന പരാതികൾക്കു പിന്നാലെയാണ് ബ്രൂണയോട് ഇൻസ്റ്റഗ്രാമിലൂടെ താരം ക്ഷമാപണം നടത്തിയത്. തനിക്ക് തെറ്റുപറ്റിയെന്നും നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ലെന്നും താരം പറഞ്ഞു.
ബ്രൂണക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താരം മാപ്പപേക്ഷ നടത്തുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് താരം ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയിൽനിന്ന് സൗദി ക്ലബ് അൽ ഹിലാലിലേക്ക് ചുവടുമാറ്റിയത്. താരത്തിന് മറ്റൊരു ബന്ധത്തിൽ 12 വയസ്സുള്ള ഡാവി ലൂക എന്ന മകനുണ്ട്. നിലവിൽ കാലിന് പരിക്കേറ്റ താരം ശസ്ത്രക്രിയക്കു പിന്നാലെ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.