ദോഹ: ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ഖത്തറിൽ ശസ്ത്രക്രിയ. ആസ്പറ്റാർ സ്പോർട്സ് മെഡിസിൻ ആശുപത്രിയിലാണ് ലോക ഫുട്ബാളിലെ പ്രധാന താരത്തിന് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ താരത്തിന്റെ ചികിത്സ നടപടികൾ പുരോഗമിക്കുകയാണെന്ന് ആസ്പെറ്റാർ പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെയും നെയ്മർ ആസ്പെറ്റാറിൽ ചികിത്സ തേടിയിട്ടുണ്ട്. 2019ൽ പരിശോധനയുടെ ഭാഗമായി താരം ആസ്പെറ്റാറിലെത്തിയിരുന്നു. 2018 ഫെബ്രുവരിയിലുണ്ടായ പരിക്കിന്റെ തുടർചികിത്സയുടെയും പരിശോധനയുടെയും ഭാഗമായാണ് അന്ന് ഖത്തറിലെത്തിയത്. രണ്ടാഴ്ച മുമ്പ് ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരായ മത്സരത്തിനിടെ 51ാം മിനിറ്റിലായിരുന്നു എതിർ താരവുമായി കൂട്ടിയിടിച്ച് നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്.
സ്പോർട്സ് ആൻഡ് അർത്രോസ്കോപിക് സർജറിയിൽ ലോക പ്രശസ്തിയാർജിച്ച ആസ്പെറ്റാറിൽ ലോകോത്തര കായിക താരങ്ങൾ ചികിത്സക്കായി എത്താറുണ്ട്. ഫ്രഞ്ച് ക്ലബായി പി.എസ്.ജിയുടെ മെഡിക്കൽ പങ്കാളികൂടിയാണ് ആസ്പെറ്റാർ. 2007ൽ മധ്യപൂർവേഷ്യയിലെ ആദ്യ സ്പോർട്സ് മെഡിസിൻ ആശുപത്രിയായാണ് ആസ്പെറ്റാർ പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.