ഗുവാഹത്തി: ഏറെ പ്രതീക്ഷയോടെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി ഈ സീസണിൽ ടീമിലെത്തിച്ച നൈജീരിയൻ സ്ട്രൈക്കർ സിൽവസ്റ്റർ ഇഗ്ബൂൻ ക്ലബുമായുള്ള ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഐ.എസ്.എല്ലിൽ ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രം ബൂട്ടുകെട്ടിയതിനുപിന്നാലെയാണ് സിൽവസ്റ്ററിന്റെ മടക്കം. നിലവാരമില്ലാത്ത താമസ സൗകര്യമുൾപെടെയുള്ള സംവിധാനങ്ങളിൽ പ്രതിഷേധിച്ചാണ് താരം ക്ലബ് വിട്ടതെന്നാണ് സൂചന.
ഐ.എസ്.എൽ 2022-23 സീസണിൽ ക്ലബ് ആറാമതായി കരാറൊപ്പിട്ട വിദേശ താരമായിരുന്നു സിൽവസ്റ്റർ. ഒരു വർഷത്തെ കരാറിലാണ് താരം നോർത്ത് ഈസ്റ്റിലെത്തിയത്. വിസ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് റഷ്യയിൽ കുടുങ്ങിയശേഷം അൽപദിവസം വൈകിയാണ് സിൽവസ്റ്റർ ഗുവാഹത്തിയിലെത്തിയത്. ഒക്ടോബർ മൂന്നാംവാരത്തിൽ ടീമിനൊപ്പം ചേർന്ന താരം ആദ്യ രണ്ടു കളികളിൽ കളത്തിലിറങ്ങിയിരുന്നില്ല.
ഈസ്റ്റ് ബംഗാളിനെതിരെയാണ് സിൽവസ്റ്റർ കളിക്കാനിറങ്ങിയത്. മത്സരം തോറ്റെങ്കിലും സിൽവസ്റ്ററിന്റെ പന്തടക്കവും ആക്രമണ നീക്കങ്ങളുമെല്ലാം കാണികളെ ഏറെ ആകർഷിച്ചിരുന്നു. 32കാരന്റെ സാന്നിധ്യം ടീമിന് പുത്തനുണർവ് പകരുന്നതായും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാൽ, ക്ലബ് നൽകിയ സൗകര്യങ്ങളിൽ തുടക്കം മുതൽ സിൽവസ്റ്റർ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്. ക്ലബ് തങ്ങൾക്കൊരുക്കുന്ന സൗകര്യങ്ങളിൽ മറ്റു താരങ്ങൾക്കും മുറുമുറുപ്പുള്ളതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ കടുത്ത അതൃപ്തി മാനേജ്മെന്റിനെ അറിയിച്ചിട്ടും നടപടിയൊന്നുമില്ലാതെ വന്നതോടെ സിൽവസ്റ്റർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മുമ്പ് തങ്ങളുടെ കളിക്കാരെ ഗുവാഹത്തിയിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ റാഡിസൺ ബ്ലൂവിലാണ് താമസിപ്പിച്ചിരുന്നത്. എന്നാൽ, ഈ വർഷം സ്റ്റേഡിയത്തിനടുത്ത ഫ്ലാറ്റുകളിലാണ് കളിക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.