ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തറിലെ ഫുട്ബാൾ ആരാധകർ കാത്തിരുന്ന പൂരത്തിന് അവസാനനിമിഷം നിരാശയുടെ ക്ലൈമാക്സായി. ചൊവ്വാഴ്ച രാത്രിയിൽ നടക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗിലെ അങ്കത്തിൽ ഇതിഹാസ താരം അൽ നസ്റിനായി ദോഹയിൽ ബൂട്ടുകെട്ടില്ലെന്ന് കോച്ച് ലൂയിസ് കാസ്ട്രോ സ്ഥിരീകരിച്ചതോടെ ആരാധക ആവേശം നിരാശയായി പടർന്നു. എങ്കിലും മേഖലയിലെ രണ്ട് വമ്പൻ ക്ലബുകൾ മുഖാമുഖമെത്തുന്നത് ചൊവ്വാഴ്ച രാത്രിയിൽ വിരുന്നൊരുക്കുന്നത് ഉശിരൻ പോരാട്ടത്തിനാവും. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് ഗ്രൂപ് റൗണ്ടിലെ മത്സരം. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.
പോർചുഗലിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും റയൽ മഡ്രിഡിനുമെല്ലാമായി പതിറ്റാണ്ടിലേറെ കാലം കളിച്ചുതിമിർത്ത താരം സൗദി ക്ലബിലേക്ക് കൂടുമാറിയശേഷം ആദ്യമായി ഖത്തറിലെത്തുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിനും കിട്ടാത്ത ആവേശത്തോടെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞു. എന്നാൽ, അവസാന നിമിഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തറിലെ അങ്കത്തിൽനിന്നും പിന്മാറിയത്. സൗദി പ്രോ ലീഗിൽ അൽ നസ്റിന്റെ പോരാട്ടം ശക്തമാവുകയും രണ്ടു ദിവസം മുമ്പ് അൽ ഖലീജിനെതിരെ ക്രിസ്റ്റ്യാനോ കളിക്കുകയും ചെയ്തതോടെ താരത്തിന് വിശ്രമം അനിവാര്യമായ സാഹചര്യമാണെന്ന് പ്രീമാച്ച് വാർത്തസമ്മേളനത്തിൽ കോച്ച് ലൂയി കാസ്ട്രോ പറഞ്ഞു.
സ്പാനിഷ് താരം അയ്മറിക് ലപോർടെയും ദുഹൈലിനെതിരായ അങ്കത്തിൽ ടീമിനൊപ്പമില്ല. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ ക്ലബിന്റെ പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല. ഗ്രൂപ് ‘ഇ’യിൽ ഇരുടീമുകൾക്കും നാലാം മത്സരമാണിത്. മൂന്ന് കളിയും ജയിച്ച അൽ നസ്ർ ഒമ്പത് പോയന്റുമായി സുരക്ഷിത നിലയിലാണിപ്പോൾ. അൽ ദുഹൈൽ ആവട്ടെ രണ്ട് തോൽവിയും ഒരു സമനിലയുമായി പരുങ്ങലിലാണ്. സ്വന്തം കാണികൾക്ക് മുന്നിൽ ഉശിരൻ പോരാട്ടത്തിലൂടെ ജയിച്ചു തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് ദുഹൈൽ ഇറങ്ങുന്നത്. ഫിലിപ് കുടിന്യോ നയിക്കുന്ന ദുഹൈലിന് ഖത്തറിന്റെ മുൻനിര താരങ്ങളായ അൽ മുഈസ് അലി, ഇസ്മായിൽ മുഹമ്മദ്, കെനിയൻ ഗോൾ മെഷീൻ മൈകൽ ഒലുംഗ എന്നിവരാണ് എന്നിവരാണ് പ്രതീക്ഷ. രണ്ടാഴ്ച മുമ്പ് റിയാദിൽ ഏറ്റുമുട്ടിയപ്പോൾ ക്രിസ്റ്റ്യാനോ കളിച്ച ടീമിനെതിരെ ഉജ്ജ്വലമായ പോരാടിയ ദുഹൈൽ 4-3നാണ് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.