മലപ്പുറം: ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് മികച്ച കുട്ടിതാരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്ന വിവിധ ക്ലബുകളും അക്കാദമികളുമുണ്ട് സ്പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ. ഇത്തരത്തിൽ പരിശീലനം നൽകുന്ന ക്ലബുകൾ യൂറോപ്യൻ രാജ്യങ്ങളിലാണധികവും. അവർ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പൂർണമായും സൗജന്യ പരിശീലനമാണ് നൽകുന്നത്. ലോകത്തെ എല്ലാ മുൻനിര ക്ലബുകൾക്കും അക്കാദമികൾക്കും ഇത്തരത്തിൽ വിപുലമായ സംവിധാനങ്ങളാണുള്ളത്.
ഇത്തരം പരിശീല പരിപാടികൾ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അറിവോടെയാണ് പ്രവർത്തിക്കുന്നത്. അതേസമയം പണം മാത്രം ലക്ഷ്യംവെച്ച് കുട്ടികളുടെ ഫുട്ബാൾ ഭ്രമത്തെ ചൂഷണം ചെയ്യുന്നതിനെയാണ് എതിർക്കേണ്ടത്. വലിയ തുക വാങ്ങി കുട്ടികളെ ഹ്രസ്വകാല പരിശീലനത്തിനയക്കുന്നത് അംഗീകൃത സംവിധാനത്തിലല്ലെന്ന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനോ സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകളോ അറിയാതെയാണ് ഇത്തരം വിദേശ റിക്രൂട്ട്മെന്റെന്നും ഭാരവാഹികൾ പറഞ്ഞു. യൂറോപ്പിലെ ചെറുകിട ക്ലബുകൾ പണം സമ്പാദിക്കുന്നതിന് നടത്തുന്ന ഹ്രസ്വകാല ക്യാമ്പുകൾ മാത്രമാണിത്.
സ്പെയിനിലെ അക്കാദമികൾക്ക് കീഴിൽ ഫുട്ബാൾ പരിശീലനം നൽകാൻ പണം വാങ്ങി കേരളത്തിൽനിന്ന് കുട്ടികളെ കൊണ്ടുപോകുന്നത് സംബന്ധിച്ച് അതീവ ജാഗ്രത ആവശ്യമുണ്ടെന്നും ഇത്തരം നടപടികൾ അംഗീകൃത വഴികളിലൂടെ അല്ലെന്നും കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ കുമാർ പ്രതികരിച്ചു.
കേരളത്തിൽനിന്ന് നിരവധി കുട്ടികൾ ഇത്തരം വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി വിദേശ രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. പോയവരിൽ 90 ശതമാനത്തിലധികവും സ്പെയിനിലേക്ക് തന്നെയാണ്. ഫുട്ബാളിൽ താൽപര്യമുള്ള കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് ചില ഏജൻസികൾ കുട്ടികളെ പരിശീലനത്തിന് കൊണ്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.