ടൂറിൻ: അരങ്ങേറ്റക്കാരനായ പരിശീലകൻ ആന്ദ്രേ പിർലോക്ക് കീഴിൽ നിരാശാജനകമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ യുവന്‍റസ് പുറത്തെടുത്തത്. സീരി എ കിരീടം ഇന്‍റർമിലാന് മുന്നിൽ അടിയറ വെച്ചതിന് പിന്നാലെ താരം യുവന്‍റസ് വിടുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഏകദേശം അവസാനമായതായാണ് യുവന്റ്സ് ഡയരക്ടർ പവൽ നെദ്വെദ് പറയുന്നത്. റൊണാൾഡോ ക്ലബ് വിടുന്നതായി സൂചന നലകിയിട്ടില്ലെന്നും അവധി ആഘോഷിക്കുന്ന താരം അടുത്ത് തന്നെ ടീമിനൊപ്പം ചേരുെമന്നും അദ്ദേഹം വ്യക്തമാക്കി.
'അദ്ദേഹം അവധി ആഘോഷിക്കുകയാണ്. ക്ലബ് വിടുന്നതായി യാതൊരു സൂചനയും നൽകിയിട്ടില്ല. ഞങ്ങൾ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഷെഡ്യൂൾ അനുസരിച്ച് ജൂലൈ 25ന് അദ്ദേഹം ടീമിനൊപ്പം ചേരും' -നെദ്വെദ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ 29 ഗോളുകൾ നേടിയ റോണോ ഇറ്റാലിയൻ സീരി എയിൽ ടോപ് സ്കോറർ ആയിരുന്നു. അടുത്ത വർഷം ജൂണിലാണ് പോർചുഗീസ് താരത്തിന്‍റെ കരാർ അവസാനിക്കുന്നത്. താരത്തിന്‍റെ കരാർ 2023 വരെ ദീർഘിപ്പിക്കാനാകുമെന്നാണ് യുവന്‍റസ് ആരാധകരുെട പ്രതീക്ഷ.
എന്നാൽ പ്രായം ഏറിവരുന്നതിനാൽ സൂപ്പർ താരമാക്കി വളർത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിലോ സ്പോർടിങ് ക്ലബിലോ എത്തി താരം ബൂട്ട് അഴിക്കണമെന്നാണ് ഓരോ റൊണാൾഡോ ആരാധകനും ആഗ്രഹിക്കുന്നത്.
ടീമിന്‍റെ കോച്ചായി മടങ്ങിയെത്തിയ മാസിമിലിയാനോ അല്ലഗ്രിക്ക് കീഴിൽ സീരി എ കിരീടം വീണ്ടെടുക്കാനും ഏറെ നാളായി കൊതിക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടം ടൂറിനിലെത്തിക്കാനുമാണ് യുവന്‍റസ് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം തുടർച്ചയായി ലീഗിൽ കിരീടം നേടിക്കൊടുത്ത അല്ലഗ്രിയെ രണ്ടുവർഷങ്ങൾക്ക് മുമ്പായിരുന്നു ക്ലബ് പുറത്താക്കിയത്. ഉദീനസിനെതിരെയാണ് വരും സീസണിലെ യുവന്‍റസിന്‍റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.