ഷില്ലോങ്: വടക്കുകിഴക്കൻ വമ്പന്മാർ ഏറ്റുമുട്ടിയ ഡ്യറന്റ് കപ്പ് ആദ്യ സെമിയിൽ ഏകപക്ഷീയ ജയവുമായി ഹൈലാൻഡേഴ്സ് കലാശപ്പോരിന്. ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഷില്ലോങ് എഫ്.സിയെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് മുക്കിയാണ് നോർത്ത് ഈസ്റ്റ് ആദ്യമായി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മോഹൻ ബഗാൻ- ബംഗളൂരു രണ്ടാം സെമിയിലെ എതിരാളികളാകും ഫൈനലിൽ നോർത്ത് ഈസ്റ്റിന് എതിരാളികൾ.
വെള്ളക്കുപ്പായത്തിൽ ഇറങ്ങിയ നോർത്ത് ഈസ്റ്റ് പന്തടക്കത്തിലും ഗോൾനീക്കങ്ങളിലും ആദ്യാവസാനം മുന്നിൽനിന്നതായിരുന്നു കളിയുടെ സവിശേഷത. കഴിഞ്ഞ തവണ സെമിയിൽ മടങ്ങിയ വേദന തീർക്കുന്ന പ്രകടനവുമായി ടീം നിറഞ്ഞാടിയപ്പോൾ ആദ്യ പകുതിയിൽ രണ്ടുവട്ടം ഷില്ലോങ് വല കുലുങ്ങി. സ്വന്തം കളിമുറ്റത്ത് ‘‘ലജോങ് ലജോങ്’’ വിളികളുമായി ആരാധകർ നൽകിയ ആവേശത്തുടക്കം ഷില്ലോങ് ആദ്യ മിനിറ്റുകളിൽ അവസരമാക്കാൻ ശ്രമം നടത്തിയത് മാത്രമായിരുന്നു ഏക അപവാദം.
13ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ലീഡ് പിടിച്ചു. ത്രോ ഇന്നിൽ പന്ത് സ്വീകരിച്ച അലാവുദ്ദീൻ അജാരി മലയാളി താരം ജിതിന് കൈമാറി. താരം നൽകിയ മനോഹര ക്രോസ് ഹ്യൂട്രോം തോയി സിങ് അനായാസമാണ് വലയിലെത്തിച്ചത്. 27ാം മിനിറ്റിൽ ഷില്ലോങ് നടത്തിയ മുന്നേറ്റം നോർത്ത് ഈസ്റ്റ് ഗോളി ഗുർമീത് അപകടമൊഴിവാക്കി.
അഞ്ചു മിനിറ്റ് കഴിഞ്ഞ് നോർത്ത് ഈസ്റ്റ് വല കുലുക്കി. സ്പാനിഷ് താരം നെസ്റ്റർ അൽബിയക് നൽകിയ പാസ് സ്വീകരിച്ച അലാവുദ്ദീൻ അജാരിയാണ് സ്കോർ ചെയ്തത്. ഓഫ്സൈഡ് കൊടി ഉയർന്നെങ്കിലും അസിസ്റ്റന്റ് റഫറിയെ സമീപിച്ച് ഗോളെന്ന് ഉറപ്പാക്കിയതോടെ ആശങ്ക ഒഴിഞ്ഞു. പിന്നീടും നോർത്ത് ഈസ്റ്റ് തന്നെയായിരുന്നു ചിത്രത്തിൽ. അവസരങ്ങൾ മുതലാക്കുന്നതിൽ ഷില്ലോങ് പരാജയമായതോടെ ഇഞ്ചുറി സമയത്ത് പ്രതിഭ് സുന്ദർ ഗൊഗോയ് വീണ്ടും വല കുലുക്കി ജയം ആധികാരികമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.