കോഴിക്കോട്: കിരീട നേട്ടങ്ങളുടെ നിരവധി അനുഭവങ്ങളുള്ള ബംഗളൂരു എഫ്.സിയെ കലാശപ്പോരിൽ 2-1ന് തകർത്ത് ഒഡിഷ എഫ്.സി സൂപ്പർ കപ്പിൽ മുത്തമിട്ടു. ഡ്യുറൻഡ് കപ്പ് നേട്ടത്തിനും ഐ.എസ്.എൽ റണ്ണേഴ്സ് എന്ന പെരുമക്കുമൊപ്പം സീസണിലെ സൂപ്പർ കിരീടമണിയാമെന്ന സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും മോഹങ്ങൾക്കുമേൽ ബ്രസീൽ താരം ഡീഗോ മൗറീഷ്യോ തൊടുത്ത ഇരട്ട ഗോളുകളുടെ മികവിലാണ് ഒഡിഷ ചാമ്പ്യനായത്.
ആദ്യ പകുതിയിലായിരുന്നു ഒഡിഷയുടെ രണ്ടു ഗോളും. 23ാം മിനിറ്റിലും 38ാം മിനിറ്റിലും മൗറീഷ്യോ വലയിളക്കിയപ്പോൾ 85ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സുനിൽ ഛേത്രിയാണ് ബംഗളൂരുവിന്റെ ആശ്വാസ ഗോൾ കുറിച്ചെങ്കിലും ഒഡിഷ എഫ്.സിയുടെ ചരിത്രത്തിലെ കന്നിക്കിരീട നേട്ടത്തിന് തടയിടാനായില്ല.
ചുട്ടുപഴുത്ത പകലിനൊടുവിൽ ആശ്വാസമായി മഴയെത്തിയെങ്കിലും നനഞ്ഞുകുതിർന്ന മൈതാനം ബംഗളൂരുവിന്റെ താളം തെറ്റിച്ചുകളഞ്ഞു. അപ്രതീക്ഷിതമായി പെയ്ത മഴക്ക് കൊടുക്കേണ്ടിവന്ന വില കൂടിയായിരുന്നു ബംഗളൂർ വലയിൽ പതിച്ച ആദ്യ ഗോൾ.
23ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ബംഗളൂരു ബോക്സിനു തൊട്ടുമുന്നിൽ മൗറീഷ്യസിനെ സുരേഷ് സിങ് ഫൗൾ ചെയ്തതിന് വിധിച്ച ഫ്രീകിക്ക് മൗറീഷ്യസ് പായിച്ചത് ഗോളി ഗുർപ്രീത് സിങ് തടഞ്ഞതാണ്. പക്ഷേ, മഴയിൽ കുതിർന്ന കൈയിൽ നിൽക്കാതെ വഴുതി ഗോൾ വര കടക്കുകയായിരുന്നു.
29ാം മിനിറ്റിൽ ബംഗളൂരു നായകൻ സുനിൽ ഛേത്രി ഗോൾ മടക്കിയെന്നു തോന്നിപ്പിച്ചതാണ്. ഉദാന്ത സിങ് നൽകിയ ക്രോസ് നിലംപറ്റെ വെടിച്ചില്ല് കണക്കെ പായിച്ചെങ്കിലും പുറത്തേക്കാണ് പോയത്.
38ാം മിനിറ്റിൽ വീണ്ടും ബംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷ ഗോൾ ഉയർത്തി. തൊയ്ബ സിങ് ഇടതുവിങ്ങിൽനിന്ന് കൊടുത്ത ത്രോ സ്വീകരിച്ച വിക്ടർ റോഡ്രിഗ്രസ് പോസ്റ്റിന്റെ വലതുഭാഗത്തുനിന്ന ജെറിക്കു കൊടുക്കുന്നു. ജെറിയുടെ ഹെഡർ നിലംപറ്റെ മൗറീഷ്യോ വലക്കുള്ളിലാക്കുമ്പോൾ ഗോളി ഗുർപ്രീത് സിങ്ങിന് പ്രതിരോധിക്കാൻ പോലുമായില്ല.
രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മുൻ മത്സരങ്ങളിൽ കാഴ്ചവെച്ച ഒത്തിണക്കത്തിലേക്ക് ഉയരാൻ ആത്മവിശ്വാസം നഷ്ടമായ ബംഗളൂരുവിനായില്ല. എന്നിട്ടും ഒഡിഷ ഗോൾമുഖത്ത് ബംഗളൂരു പലകുറി ഭീഷണിയുയർത്തി. കളി ഏകപക്ഷീയമായി ഒഡിഷയുടെ വരുതിയിലായ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി വീണ പെനാൽറ്റിയിലൂടെ ബംഗളൂരു ഗോൾ കുറിച്ചത്.
ബംഗളൂരുവിന്റെ സബ്സ്റ്റിറ്റ്യൂട്ട് താരം ശിവശക്തിയെ ഒഡിഷ താരം അനികേത് ജാദവ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനു വിധിച്ച പെനാൽറ്റി നായകൻ സുനിൽ ഛേത്രി 85ാം മിനിറ്റിൽ അനായാസം വലക്കുള്ളിലാക്കി. അവസാന നിമിഷം കിട്ടിയ ചാൻസ് ബംഗളൂരു പാഴാക്കുകയും ചെയ്തു.
മുൻനിരയിലേക്ക് ഇരച്ചുകയറാനും അതേസമയം പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞ് കോട്ട തീർക്കാനും ഒരേപോലെ ഒഡിഷ മധ്യനിര കാണിച്ച മിടുക്കാണ് അവരെ ജേതാക്കളാക്കിയത്. ബംഗളൂരു അടക്കമുള്ള മറ്റു ടീമുകൾ വിദേശ പരിശീലകരുടെ കീഴിലിറങ്ങിയപ്പോൾ ക്ലിഫോർഡ് റേയ്സ് മിറാൻഡ എന്ന ഗോവക്കാരൻ പരിശീലകന്റെ കീഴിലായിരുന്നു ഒഡിഷയുടെ കിരീടധാരണം. കളിയിലെ കേമനായി ബ്രസീൽ താരം ഡീഗോ മൗറീഷ്യോയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.