തിരുവനന്തപുരം: ഫുട്‌ബാൾ ലോകകപ്പ് ആവേശത്തോടൊപ്പം സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 'വൺ മില്യൺ ഗോൾ' കാമ്പയിൻ സംഘടിപ്പിക്കുന്നു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് കാമ്പയിൻ നടത്തുക.
ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബാൾ പരിശീലനം നല്‍കും. ആയിരം കേന്ദ്രങ്ങളിലായി 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്തു ദിവസത്തെ പരിശീലനമാണ് നല്‍കുകയെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബര്‍ 11 മുതൽ 20വരെ പ്രത്യേകം തയാറാക്കിയ പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂര്‍ വീതമാണ് പരിശീലനം.
ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളിൽനിന്നായി ഒരു ലക്ഷം കുട്ടികള്‍ക്കാണ് 10 ദിവസങ്ങളിലായി പരിശീലനം സാധ്യമാകുക. സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബാള്‍ പരിശീലനം നല്‍കുന്നതിന് 'ഗോള്‍' എന്നപേരിൽ പ്രത്യേക പദ്ധതിയും നടപ്പാക്കും. ഫുട്‌ബാൾ മാമാങ്കത്തിന് തുടക്കമാകുമ്പോള്‍ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ 1000 പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോൾ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോർ ചെയ്യപ്പെടും.
20 നും 21 നുമായി പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും കായികപ്രേമികളും പൊതുസമൂഹവും ചേര്‍ന്നാണ് ഗോളുകൾ അടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.