ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് കിക്കോഫിന് കൃത്യം ഒരു മാസം ബാക്കി നിൽക്കെയാണ് അൽ വക്റ ക്ലബിന്റെ പരിശീലകനായ സ്പാനിഷുകാരൻ മാർക്വേസ് ലോപസിലേക്ക് ദേശീയ ടീമിന്റെ ചുമതല കൂടിയെത്തുന്നത്. 2019 ഏഷ്യൻ കപ്പ് കിരീടം സമ്മാനിക്കുകയും, ലോകകപ്പിന് ടീമിനെ ഒരുക്കിയുമായി ദീർഘകാല പരിശീലകൻ ഫെലിക്സ് സാഞ്ചസിന്റെ പിൻഗാമിയായി സൂപ്പർ കോച്ച് കാർലോസ് ക്വിറോസ് 2023 ഫെബ്രുവരിയിലായിരുന്നു സ്ഥാനമേറ്റത്.
എന്നാൽ, 11 മാസം തികയും മുമ്പേ അദ്ദേഹത്തെ ഒഴിവാക്കി മാർക്വേസ് ലോപസിന് പരിശീലക കസേര കൈമാറുമ്പോൾ ഖത്തർ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ മനസ്സിൽ കണ്ടത് രണ്ടു മാസത്തിനിപ്പുറം കളത്തിലും തെളിഞ്ഞുകഴിഞ്ഞു. വിശ്വസിച്ചേൽപിച്ച പദവിയിൽ പരിചയ സമ്പന്നരായ സീനിയർ താരങ്ങളെയും, യുവനിരയെയും മാറിമാറി ഉപയോഗപ്പെടുത്തി എതിരാളികളുടെ തന്ത്രങ്ങൾക്കൊത്ത് ഓരോ മാച്ചിനും ടീമിനെ സജ്ജമാക്കിയാണ് കോച്ച് ലോപസ് ഖത്തറിന് ഓരോ വിജയങ്ങളും സമ്മാനിക്കുന്നത്.
നേരത്തെ സ്പാനിഷ് അണ്ടർ 21 ടീമിനുവേണ്ടി കളിച്ച ലോപസ് 1997ലാണ് പരിശീലക വേഷത്തിലെത്തുന്നത്. എസ്പാന്യോൾ യൂത്ത് ടീമുകളിൽ തുടങ്ങിയ ഇദ്ദേഹം 2018ലാണ് ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ വക്റയിലെത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ആഭ്യന്തര ഫുട്ബാളിൽ മികച്ച പരിശീലകനായി അദ്ദേഹം പേരെടുത്തു. ദേശീയ ടീമിലെ ഓരോ കളിക്കാരന്റെയും മിടുക്കും പ്രതിഭയും നന്നായി അറിയാവുന്ന പരിശീലകൻ എന്നത് പുതിയ ചുമതലയിലെത്തിയപ്പോൾ കാര്യങ്ങൾ എളുപ്പമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.