കളിക്കളങ്ങളിൽ കോളിളക്കം തീർത്ത് കാലത്തെ ജയിച്ചു നിന്ന ഇതിഹാസം അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. എഡ്സണ് ആരാന്റസ് ഡോ നാസിമെന്റോ എന്ന യഥാർഥ നാമത്തെ നിഴലാക്കി ‘പെലെ’ ഫുട്ബാളിനെ അനശ്വരമാക്കിയ ഇന്നലകളെ സോക്കർ ലോകം ഒരുകാലത്തും മറക്കാനിടയില്ല. കാൽപന്തുകളിയിൽ അമരത്വത്തിന്റെ ഗോപുരം കീഴടക്കിയ അതുല്യപ്രതിഭക്ക് ലോകം അവഗണനയുടെ ഒരു തരിപോലും നൽകില്ലെന്ന ഉറപ്പാണ് ഇന്നും ഓർമകളിലെ പെലെ. അതുല്യത്തെയും അമൂല്യത്തെയും അന്വർഥമാക്കുന്ന കേളീവൈഭവത്തിന് ബ്രസീലിയൻ ജനത മരണാനന്തരം നൽകിയത് ഏറ്റവും മികച്ചതെന്ന വിശേഷണമാണ്. നിലവിൽ ഏറ്റവും മികച്ച എന്തിനും പെലെ എന്ന വാക്കുപയോഗിക്കാമെന്നാണ് ബ്രസീലിലെ പ്രശസ്ത ഡിക്ഷണറിയായ മൈകലിസ് പറയുന്നത്. ‘സവിശേഷമായത്, സമാനതകളില്ലാത്തത്, അദ്വിതീയമായത്’ എന്നൊക്കെയാണ് അവർ നിഘണ്ടുവിൽ പെലെ എന്ന വാക്കിന് അർഥമായി നൽകിയത്.
പെലെ എന്ന രണ്ടക്ഷരം ഫുട്ബാളിലെ എക്കാലത്തെയും വലിയ ബ്രാന്‍ഡാണ്. ലോകത്ത് കാൽപന്തുകളിക്ക് ഇത്രയേറെ സ്വീകാര്യത ലഭിച്ചതിൽ പെലെയുടെ പ്രതിഭക്ക് അതുല്യമായ പങ്കുണ്ടെന്നതാണ് വസ്തുത. ബ്രസീലില്‍ ജനിക്കുന്ന കുട്ടികളില്‍ ഫുട്ബാള്‍ ദൈവത്തിന്റെ സ്പര്‍ശമുണ്ടാകുമെന്ന് സാഹിത്യകാരന്മാര് വർണിച്ചെഴുതിയത് യാഥാര്‍ഥ്യമായ വര്‍ഷംകൂടിയാണ് 1958. അന്ന് ലോകകപ്പിനിറങ്ങിയ ബ്രസീലിന്റെ ദേശീയ ടീമില്‍ ദൈവാനുഗ്രഹം കിട്ടിയ ഒരു സംഘം കുട്ടികളുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലെ ഏറ്റവും മിടുക്കനായത് നാസിമെന്റോയായിരുന്നു. പില്ക്കാലത്ത് പെലെ എന്ന പേരില്‍ പ്രശസ്തനായ അയാളായിരുന്നു ബ്രസീല്‍ ഫുട്ബാളിന്റെ ജാതകം തിരുത്തിയെഴുതിയത്. ലോകകപ്പ് ഫുട്ബാളിന്റെ 90 വര്‍ഷം പിന്നിട്ട ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. 1958 മുതൽ 70 വരെ നാലു ലോകകപ്പുകളിലായി കളിക്കളത്തിൽ മാന്ത്രികത തീർക്കുകയും മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്ത പെലെയുടെ റെക്കോഡ് ഇന്നേവരെ ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല. പെലെയുടെ അഭാവം പിൽക്കാലത്ത് ബ്രസീല്‍ ടീമിൽ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ ശൂന്യത നിറഞ്ഞ ബ്രസീല്‍ മറ്റൊരു ലോകകപ്പ് നേടാന്‍ കാല് നൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. ഒരു ഫുട്ബാള്‍ താരത്തിന് ചെയ്യാനാവുന്നതിന്റെ പരമാവധി പെലെ അക്കാലയളവില്‍ ചെയ്തുകഴിഞ്ഞിരുന്നു.
ആരാധകരെ കളിയഴകുകൊണ്ട് ത്രസിപ്പിച്ച പെലെ അവരോടുള്ള അടുപ്പത്തിലും മൃദുത്വം കാണിച്ചു. കളിയോളം പിരിശം അദ്ദേഹത്തിന് കാണികളോടുമുണ്ടായിരുന്നു. 2015 ലാണ് പെലെ രണ്ടാമത്തെയും അവസാനത്തേതുമായ ഇന്ത്യൻ സന്ദർശനത്തിനെത്തുന്നത്. അക്കാലത്ത് നമ്മുടെ കേരളത്തിലും ലക്ഷക്കണക്കിന് ബ്രസീല്‍ ആരാധകര്‍ ഉണ്ടെന്നറിയിച്ചപ്പോള്‍ പെലെയുടെ മറുപടി ആത്മനിർവൃതിയുടെ ഒരു പുഞ്ചിരിയായിരുന്നു. ഇന്ത്യൻ ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നതിലും പെലെ വാചാലനായി. ഇന്ത്യൻ സന്ദർശനത്തിനിടെ കൊൽക്കത്തയിലെത്തിയ പെലെ, കുട്ടിക്കാലം മുതല്‍ ഫുട്ബാള്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റിയാലേ ഇന്ത്യയില്‍ ഫുട്ബാള്‍ വളരൂവെന്ന ഉപദേശവും നൽകിയാണ് മടങ്ങിയത്. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെയും എ.ടി.കെയുടെയും മത്സരത്തിനും പെലെ അന്ന് സാക്ഷിയായിരുന്നു.
ലോകത്ത് ഫുട്ബാളിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍പോലും ഒരുപക്ഷേ പെലെ എന്ന ഇതിഹാസത്തെക്കുറിച്ച് കേട്ടിരിക്കും. സോഷ്യല്‍ മീഡിയയും വാര്‍ത്താമാധ്യമങ്ങളും ഇന്നത്തെ ആഗോളരൂപം പ്രാപിക്കുന്നതിനുമുമ്പ് ഫുട്ബാള്‍ എന്ന മാന്ത്രികതയിലൂടെ ലോകം കീഴടക്കിയ താരമാണ് അദ്ദേഹം. പെലെയും ഗാരിഞ്ചയും വാവയും ദീദിയും അടങ്ങിയ പ്രതാപകാലത്തെ ബ്രസീലിയൻ നിര ഇന്ന് മറ്റൊരു ലോകത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കയാവും.
യൂറോപ്യന്മാര് അടക്കിവാണിരുന്ന ഫുട്ബാളില്‍ ലാറ്റിനമേരിക്കക്കും ബ്രസീലിനും വിലാസം സമ്മാനിച്ച അതുല്യ പ്രതിഭ. നൂറ്റാണ്ടിലെ മികച്ച ഫുട്ബാളര്‍, പകരക്കാരനില്ലാത്ത അമരക്കാരൻ. ക്ലബിനും രാജ്യത്തിനുമായി കളിച്ച 1360 മത്സരങ്ങളില്‍നിന്ന് 1281 ഗോളുകള്‍, 92 ഹാട്രിക്കുകള്‍. അതുപോലെ മറികടക്കാനാകാത്ത നിരവധി റെക്കോഡുകള്‍ അക്കാലത്ത് പെലെ രചിച്ചുവെച്ചിരുന്നു.
ഇന്നത്തെ സംവിധാനങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നുവെങ്കിൽ 2000ത്തിലധികം ഗോളുകൾ ഞാൻ നേടിയേനെ എന്ന് ഒരിക്കൽ പെലെ പറയുകയുണ്ടായി. ‘പ്രതിഭ’യുടെ ധാരാളിത്തത്തോടെയും മികവിന്റെ പൂർണതയോടെയും ഫുട്ബാൾ ലോകം അടക്കിവാണിരുന്ന ഇതിഹാസജീവിതത്തിന് അവസാന വിസിൽ മുഴങ്ങിയ നേരം മൂകമായ അലയൊലികൾ ഇന്നും ശബ്ദിച്ചുതുടങ്ങിയിട്ടില്ല എന്നതാണ് വസ്തുത. പെലെയില്ലാത്ത ഫുട്ബാൾ പൈതൃകം ആരവമൊഴിഞ്ഞ കളിക്കളംപോലെ ശൂന്യമാണ്. കാൽപന്തുകളി പരിണമിച്ചുപോയാലും തട്ടിയകറ്റുന്ന ഓരോ പന്തുരുളുമ്പോഴും പെലെയെന്ന രണ്ടക്ഷരം ഓർമിക്കപ്പെട്ടുകൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.