സൂറിച്: മൂന്നാം കക്ഷിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടി ഫിഫ അന്താരാഷ്ട്ര തലത്തിൽ വിലക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. പാകിസ്താൻ, നൈജീരിയ, കുവൈത്ത് തുടങ്ങി പത്തിലധികം ദേശീയ ഫുട്ബാൾ ഫെഡറേഷനുകൾ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ശിക്ഷാനടപടിക്ക് വിധേയരായവരാണ്. 2007, 2008, 2015 വർഷങ്ങളിലായിരുന്നു കുവൈത്തിന് സസ്പെൻഷൻ. 2015 ഒക്ടോബറിൽ സർക്കാർ കൊണ്ടുവന്ന ബിൽ, രാജ്യത്തെ ഫുട്ബാൾ അസോസിയേഷന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതാണെന്ന് ഫിഫ വ്യക്തമാക്കി.
രണ്ട് വർഷത്തിന് ശേഷം, ഫിഫ ചട്ടങ്ങൾ പൂർണമായും ഉൾക്കൊള്ളുന്ന പുതിയ ബിൽ പാർലമെന്റ് പാസാക്കി നിയമമായതോടെ 2017 ഡിസംബറിൽ വിലക്ക് നീക്കി. 2014 ലോകകപ്പിൽ നിന്ന് നൈജീരിയ പുറത്തായതിന് പിറകെ ദേശീയ ടീമിന്റെ അധികാരം രാജ്യത്തെ ഫുട്ബാൾ ഫെഡറേഷനിൽ നിന്ന് നീക്കി ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഏൽപിച്ചിരുന്നു ഹൈകോടതി. ഇതോടെ ആ വർഷം ജൂലൈയിൽ ഏർപ്പെടുത്തിയ വിലക്ക് അധികാരം തിരിച്ചു നൽകിയതോടെ ഏതാനും ദിവസത്തിന് ശേഷം എടുത്തുകളഞ്ഞു.
2017 ഒക്ടോബറിൽ പാക് ഫുട്ബാൾ ഫെഡറേഷനെ വിലക്കിയ ഫിഫ പിറ്റേ വർഷം ഇത് എടുത്തുകളഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് അംഗീകരിച്ചില്ല. തുടർന്ന് 2021 ഏപ്രിലിൽ വീണ്ടും നടപടി. 2022 ജൂലൈയിലാണ് വിലക്ക് നീക്കിയത്. സർക്കാർ ഇടപെടൽ കാണിച്ച്, ഇക്കൊല്ലം ഫെബ്രുവരിയിൽ സിംബാബ്‌വെ ഫുട്ബാൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇതേസമയം തന്നെ കെനിയക്കെതിരെയും നടപടിയുണ്ടായി. ഇനിയും നീക്കിയിട്ടില്ല.
കായികമന്ത്രാലയവും ഫുട്ബാൾ ഫെഡറേഷനും തമ്മിൽ ഉടലെടുത്ത തർക്കങ്ങളെത്തുടർന്ന് 2021 ഏപ്രിലിൽ ആഫ്രിക്കൻ രാജ്യമായ ചാഡിനെതിരെ എടുത്ത നടപടി ഒക്ടോബറിലാണ് നീക്കിയത്. മറ്റൊരു ആഫ്രിക്കൻ രാജ്യമായ ബെനിൻ 2016 മേയ് മുതൽ ജൂൺ വരെയും നടപടി നേരിട്ടു. ഇറാഖിന് 2008ലും 2009 നവംബർ മുതൽ 2010 മാർച്ച് വരെയും ഇന്തോനേഷ്യക്ക് 2015 മേയ് മുതൽ ഒരു കൊല്ലവും ഗ്വാട്ടിമാലക്ക് 2016 ഒക്ടോബർ മുതൽ 18 ജൂൺ വരെയും ബ്രൂണെക്ക് 2009 സെപ്റ്റംബർ മുതൽ 2011 മേയ് വരെയും പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.