കുവൈത്ത് സിറ്റി: ലോകകപ്പ് പ്രതീക്ഷകളുമായി ആസ്ട്രേലിയയെ നേരിടാനിറങ്ങിയ ഫലസ്തീൻ പൊരുതി വീണു. കുവൈത്തിലെ ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫിഫ റാങ്കിങ്ങിലെ 27ാം സ്ഥാനക്കാരോട് ഒരു ഗോളിനായിരുന്നു തോൽവി. നിലവിൽ 96ാം റാങ്കുകാരാണ് ഫലസ്തീൻ.
18ാം മിനിറ്റിൽ ഹാരി സൗത്താറാണ് ആസ്ട്രേലിയക്കായി ഗോൾ നേടിയത്. ക്രെയ്ഗ് ഗുഡ്വിൻ എടുത്ത കോർണർകിക്കിൽ ഉയർന്നുചാടിയ ഹാരി സൗത്താറിന്റെ ഹെഡർ ഫലസ്തീൻ പ്രതിരോധത്തെ മറികടന്നു ഗോളിലേക്കു നീങ്ങുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫലസ്തീൻ ഗോളിന് തൊട്ടടുത്തെത്തി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്ത് കൂട്ടപ്പൊരിച്ചിലിനിടയിൽ ഫലസ്തീൻ താരം സെയമിന് ലഭിച്ചു ഗോളിലേക്ക് തിരിച്ചുവിട്ട പന്ത് ഉഗ്രൻ സേവിലൂടെ ആസ്ട്രേലിയൻ ഗോളി തട്ടിയകറ്റി. ഗോൾ എന്നുറച്ച നീക്കം ക്ലോസ്റേഞ്ചിൽനിന്ന് തട്ടിയകറ്റിയ ഗോളി മാതിറയാൻ ആസ്ട്രേലിയയുടെ രക്ഷകനാവുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡുയർത്താൻ ആസ്ട്രേലിയ കഠിന പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഗോൾമടക്കാൻ ഫലസ്തീനും ശ്രമം നടത്തിയെങ്കിലും ഗോളിലേക്ക് എത്തിയില്ല. രണ്ടാം പകുതിയിൽ ഗോളുകൾ പിറക്കാതിരുന്നതോടെ ഒറ്റ ഗോൾ ലീഡിൽ ആസ്ട്രേലിയ വിജയത്തിലേക്ക് നീങ്ങി.
രണ്ടാം മത്സരത്തിലും വിജയിച്ചതോടെ ഫലസ്തീൻ, ആസ്ട്രേലിയ, ലെബനാൻ, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ആസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ മത്സരത്തിൽ ലെബനാനുമായി സമനിലയിൽ പിരിഞ്ഞ ഫലസ്തീന് നിലവിൽ ഒരു പോയന്റുമായി മൂന്നാമതാണ്. ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ ഫലസ്തീന്റെ ആസ്ട്രേലിയക്കെതിരായ ഹോം മത്സരം കുവൈത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.