കുവൈത്ത് സിറ്റി: ഗസ്സക്കുമേൽ ഇസ്രായേൽ റമദാനിലും നിർത്താതെ അക്രമണങ്ങൾ തുടരുമ്പോൾ നാടിന്റെ പോരാട്ടവീര്യം കളിക്കളത്തിലും പ്രകടിപ്പിക്കാനൊരുങ്ങി ഫലസ്തീൻ. ലോകകപ്പ്-എഷ്യൻകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ വ്യാഴാഴ്ച ഫലസ്തീൻ ബംഗ്ലാദേശിനെ നേരിടും. കുവൈത്തിലെ ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രിയാണ് മത്സരം. ഫലസ്തീനിൽ നിശ്ചയിച്ചിരുന്ന മത്സരം ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് മാറ്റുകയായിരുന്നു. നവംബർ 21ലെ ഫലസ്തീൻ-ആസ്ട്രേലിയ മത്സരവും കുവൈത്തിലാണ് നടന്നത്.
ലോകകപ്പ് യോഗ്യത ‘ഗ്രൂപ് ഐ’ മൂന്നാം റൗണ്ട് മത്സരത്തിലാണ് ഫലസ്തീനും ബംഗ്ലാദേശും എറ്റുമുട്ടുന്നത്. ആസ്ട്രേലിയ, ലബനാൻ, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങൾ. രണ്ടു മത്സരങ്ങളും ജയിച്ച ആസ്ട്രേലിയയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. രണ്ടു സമനിലകൾ വഴങ്ങിയ ലബനാൻ രണ്ടാം സഥാനത്താണ്. ഒരു തോൽവിയും ഒരു സമനിലയുമായി ഫലസ്തീൻ മൂന്നാം സ്ഥാനത്താണ്. ആദ്യ കളിയിൽ ആസ്ട്രേലിയയോട് ഒരു ഗോളിന് തോറ്റ ഫലസ്തീൻ ലബനാനുമായി സമനിലയിൽ പിരിയുകയായിരുന്നു. വ്യാഴാഴ്ചയിലെ മത്സരത്തിൽ ബംഗ്ലാദേശിനെ വലിയ മാർജിനിൽ കീഴടക്കി ഗ്രൂപ്പിൽ മുന്നേറാനാകും ഫലസ്തീന്റെ ശ്രമം. ഫിഫ റാങ്കിങ്ങിൽ 97ാം സഥാനത്തുള്ള ഫലസ്തീൻ 183ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനേക്കാൾ കളിമികവിൽ ബഹദൂരം മുന്നിലാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പ് യോഗ്യത മത്സരം മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യൻകപ്പ് യോഗ്യതയും നേടും.
കുവൈത്തിലെ മത്സരത്തിന് ശേഷം ഇരു ടീമുകളും ധാക്കയിൽ മാർച്ച് 26ന് വീണ്ടും ഏറ്റുമുട്ടും. കുവൈത്തിലെ മത്സരം ഫലസ്തീൻ പിന്തുണയുടെ മികച്ച വേദിയാകുമെന്നാണ് സൂചന. ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഫലസ്തീന് പിന്തുണയുമായി വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.