കുവൈത്ത് സിറ്റി: 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ആസ്ട്രേലിയക്കെതിരായ ഫലസ്തീൻ ദേശീയ ടീമിന്റെ മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. മത്സരം നടത്തുന്നതിന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിൽനിന്ന് അനുമതി ലഭിച്ചതായി കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) അറിയിച്ചു. കുവൈത്ത് മത്സരത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ജനറൽ സെക്രട്ടറി ഡാറ്റ് സെരി വിൻഡ്സർ ജോണും വ്യക്തമാക്കി. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ഹോം മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കുവൈത്ത് വേദിയാകുന്നത്.
കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം മത്സരം സംഘടിപ്പിക്കാൻ കുവൈത്ത് അഭ്യർഥന സമർപ്പിച്ചിരുന്നതായി കെ.എഫ്.എ വ്യക്തമാക്കി. നവംബർ 21ന് കുവൈത്ത് ജാബിർ അൽ അഹ്മദ് രാജ്യാന്തര സ്റ്റേഡിയത്തിലാകും മത്സരം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എല്ലാ മത്സരങ്ങളുടെയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി ഫലസ്തീൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ തലവൻ ജിബ്രീൽ റജൗബ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മത്സരം നടത്താൻ ക്വാലാലംപുരിലെ കെ.എൽ.എഫ്.എ സ്റ്റേഡിയം വേദിയാകുമെന്ന് ഉപ കായികമന്ത്രി ആദം അദ്ലി വാഗ്ദാനം ചെയ്തിരുന്നു.
ഫലസ്തീൻ ഫുട്ബാൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അൽജീരിയയും സന്നദ്ധത അറിയിച്ചിരുന്നു. ഇത് തള്ളിയാണ് എ.എഫ്.സി കുവൈത്തിന് അവസരം നൽകിയത്. 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ആസ്ട്രേലിയ, ലബനാൻ, ബംഗ്ലാദേശ് എന്നിവർക്കൊപ്പം ഗ്രൂപ് ‘ഐ’യിലാണ് ഫലസ്തീൻ. നവംബർ 16ന് ലബനാനെതിരെയാണ് ഫലസ്തീന്റെ ആദ്യ മത്സരം. ഷാർജ സ്റ്റേഡിയമാണ് വേദിയാകുക. 21ന് കുവൈത്തിലും ഫലസ്തീന്റെ അടുത്ത മത്സരം നടക്കും. ജനുവരിയിലെ മൂന്നുമത്സരങ്ങൾക്ക് ഖത്തറാണ് വേദി. നേരത്തേ മലേഷ്യയിൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര സൗഹൃദ ടൂർണമെന്റായ മെർദേക്ക കപ്പിൽനിന്ന് ഫലസ്തീൻ ദേശീയ ഫുട്ബാൾ ടീം പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.