2023ലെ മികച്ച ക്രിക്കറ്റർക്കുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) സർ ഗാരിഫീൽഡ് സോബേഴ്സ് ട്രോഫി ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‍ലി, രവീന്ദ്ര ജദേജ, ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് എന്നിവരെ മറികടന്നാണ് കമ്മിൻസിന്റെ നേട്ടം. 24 മത്സരങ്ങളിൽ 59 വിക്കറ്റും 422 റൺസുമാണ് 2023ൽ കമ്മിൻസ് നേടിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആസ്ട്രേലിയ ആറാം തവണ ഏകദിന ലോകകപ്പ് സ്വന്തമാക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളാകുകയും ചെയ്തത്. ആഷസ് പരമ്പരയിലും കമ്മിൻസ് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
മികച്ച ഏകദിന താരമായി ഇന്ത്യയുടെ വിരാട് കോഹ്‍ലിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാലാം തവണയാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കുന്നത്. 2012, 2017, 2018 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് പുരസ്‌കാരം നേടിയത്. ഐ.സി.സിയുടെ മികച്ച ഏകദിന താരമായി നാലു തവണ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി. മൂന്ന് തവണ പുരസ്‌കാരം നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റർ എ.ബി ഡിവില്ലിയേഴ്‌സിനെയാണ് മറികടന്നത്. ഇന്ത്യയിൽ നടന്ന ലോകകപ്പ് ഉൾപ്പെടെ ഏകദിന ഫോർമാറ്റിൽ കാഴ്ചവെച്ച മിന്നുംപ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
കഴിഞ്ഞവർഷം ഏകദിന റൺവേട്ടക്കാരനിൽ സഹതാരം ശുഭ്മൻ ഗില്ലിന് പിന്നിൽ രണ്ടാമനായിരുന്നു കോഹ്ലി. ആറു സെഞ്ച്വറിയും എട്ടു അർധ സെഞ്ച്വറിയും ഉൾപ്പെടെ 25 ഏകദിന മത്സരങ്ങളിൽനിന്ന് 1377 റൺസാണ് മുൻ ഇന്ത്യൻ നായകൻ നേടിയത്. ഏകദിന ലോകകപ്പിലെ മികച്ച താരവും 35കാരനായ കോഹ്ലിയായിരുന്നു. 11 ഇന്നിങ്‌സുകളില്‍നിന്ന് 765 റൺസാണ് നേടിയത്.
ട്വന്റി 20യിൽ ഇന്ത്യയുടെ തന്നെ സൂര്യകുമാർ യാദവാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ രണ്ടാം തവണയാണ് സൂര്യയെ തേടി പുരസ്കാരമെത്തുന്നത്. 2023ൽ 17 ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയുമടക്കം 48.86 ശരാശരിയിൽ 733 റൺസാണ് സൂര്യ ട്വന്റി 20യിൽ അടിച്ചുകൂട്ടിയത്. 155.95 ആണ് സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ദിവസം ഐ.സി.സി പ്രഖ്യാപിച്ച 2023ലെ ട്വന്റി 20 ഇലവന്റെ ക്യാപ്റ്റനായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓപണർ യശസ്വി ജയ്സ്വാൾ, പേസർ അർഷ്ദീപ് സിങ്, സ്പിന്നർ രവി ബിഷ്‍ണോയ് എന്നിവരാണ് സൂര്യക്ക് പുറമെ ടീമിൽ ഇടം പിടിച്ച ഇന്ത്യക്കാർ.
ഐ.സി.സി 2023ലെ മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുത്തത് ആസ്ട്രേലിയൻ ഓപണർ ഉസ്മാൻ ഖ്വാജയെയാണ്. 1210 റൺസാണ് കഴിഞ്ഞ വർഷം താരം നേടിയത്. കഴിഞ്ഞ വർഷം ടെസ്റ്റിൽ 1000 റൺസ് കടന്ന ഏക താരവും ഖ്വാജയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.