ജീവിതത്തിലൊരിക്കൽ പോലും മകളായി പെലെ അംഗീകരിച്ചില്ല; പക്ഷേ, കോടികളുടെ ആസ്തി പങ്കുവെക്കുന്ന വിൽപത്രത്തിൽ അവളെ മറന്നില്ല

ഡി.എൻ.എ പരിശോധന പോലും തന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടും ജീവിതത്തിലൊരിക്കൽ പോലും തന്റെ മകളായി സാന്ദ്ര റെജിനയെ അംഗീകരിക്കാൻ ഫുട്ബാൾ ഇതിഹാസം പെലെ തയാറായിരുന്നില്ല. 1964ൽ പിറന്ന അവൾ ഹൃദയം തകർന്ന് 17 വർഷം മുമ്പ് മരണപ്പെടുകയും ചെയ്തു. ഒരധ്യായം അവസാനിച്ചെന്ന് കരുതിയേടത്താണ് പെലെയുടെ മരണശേഷം പുറത്തുവന്ന വിൽപത്രത്തിൽ പുതിയ ട്വിസ്റ്റ്. സ്വത്തിന്റെ ബഹുഭൂരിഭാഗവും ഏഴു മക്കൾക്കിടയിൽ വീതംവെക്കുന്നതായിരുന്നു വിൽപത്രം. ഇവരിലൊരാളാണ് സാന്ദ്രയും. സാന്ദ്ര മരിച്ചതിനാൽ അവരുടെ രണ്ടു മക്കൾക്കാകും സ്വത്ത് ലഭിക്കുക. പെലെ മരണക്കിടക്കയിലായിരിക്കെ ഇരുവരും വല്യച്ഛനെ വന്നുകണ്ടിരുന്നു.

മാതാവ് സ്വപ്നം കണ്ടതായിരുന്നു ഇതെന്നും ഈ നിമിഷം സാധ്യമായതിൽ ദൈവത്തെ സ്തുതിക്കുകയാണെന്നും സാന്ദ്രയുടെ മകൻ ഗബ്രിയേൽ പ്രതികരിച്ചു. ‘‘ഏതു കുടുംബങ്ങളിലും തർക്കങ്ങളുണ്ടാകും. ഞങ്ങൾക്കിടയിലും അത് ഉണ്ടായി. എന്നാൽ, സ്നേഹവും ഇഴചേരലും തിരിച്ചുവരുന്ന നിമിഷങ്ങളാണ് ഏറ്റവും പ്രധാനം. ഞങ്ങൾ അതിസന്തോഷത്തിലാണ്’’- ഗബ്രിയേൽ തുടർന്നു.

കാൻസർ ബാധ മൂർഛിച്ചാണ് 82ാം വയസ്സിൽ പെലെ വിടവാങ്ങിയത്. രോഗം വല്ലാതെ വേട്ടയാടിയിട്ടും ലോകകപ്പ് കാലത്ത് ടീമിന് ആവേശം പകർന്ന് പെലെ സമൂഹ മാധ്യമങ്ങൾ വഴി പ്രതികരണം അറിയിച്ചത് ആവേശം പകർന്നിരുന്നു. ഇതിനൊടുവിലായിരുന്നു കായിക ലോകത്തെ ​വേദനയിലാഴ്ത്തി വിയോഗം.

പരിചാരികയായിരുന്ന അനിസിയോ മക്കാഡോയിലാണ് സാന്ദ്ര റെജിന ജനിക്കുന്നത്. നിരന്തര സമ്മർദങ്ങളുണ്ടായിട്ടും ഇവരെ മകളായി അംഗീകരിക്കാൻ പെലെ തയാറായിരുന്നില്ല. ഒരുനാൾ തന്നെ അംഗീകരിക്കുമെന്നറിയാതെ അവർ വിടവാങ്ങുകയും ചെയ്തു. മരണത്തിന് ഒരു ദിവസം മുമ്പാണ് പെലെ സാന്ദ്രയുടെ രണ്ടു മക്കളെയും ആശുപത്രിയിൽ അവസാന കാഴ്ച കാണുന്നത്. കാണണമെന്ന് പെലെ ആഗ്രഹം അറിയിച്ചതിനെ തുടർന്നായിരുന്നു ഗബ്രിയേൽ അരാന്റസ് ഡോ നാസിമെന്റോ, ഒക്ടാവിയോ ഫെലിന്റോ നെറ്റോ എന്നിവർ ആശുപത്രിയിൽ എത്തിയത്. കാഴ്ചക്കു ശേഷം ആവേശപൂർവം ഇരുവരും പ്രതികരിച്ചതും വാർത്തയായിരുന്നു.

എന്നാലും, ആസ്തിയിൽ പങ്കു നൽകുമെന്ന് സൂചനകളില്ലായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് വിൽപത്രത്തിൽ പങ്കുനൽകിയത്. 130 കോടി മൂല്യമുള്ളതാണ് പെലെയുടെ സ്വത്ത്.

Tags:    
News Summary - Pele denied his daughter during his whole life, but still included her in his will

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.