ദോഹ: ചരിത്രപഥങ്ങളിൽ അയാൾ ഇരുകാലുകൾകൊണ്ടും കോറിയിട്ടതു പോലെയുള്ള വിസ്മയകരമായ ഏടുകൾ ഏറെയൊന്നുമില്ല ലോക ഫുട്ബാളിന്റെ കണ്ണഞ്ചും കണക്കുപുസ്തകങ്ങളിൽ. കളിയെ കലയായി പരിവർത്തിപ്പിച്ച പെലെ, ഫുട്ബാളിന്റെ ചക്രവർത്തിയായി പേരെടുത്തത് കളത്തിൽ കാഴ്ചവെച്ച കാൽപനിക നീക്കങ്ങളിലൂടെയായിരുന്നു. ഭൂമിയിലെങ്ങുമുള്ള കളിക്കമ്പക്കാർ ആ പദവിന്യാസങ്ങളിൽ അങ്ങേയറ്റം ആകൃഷ്ടരായത് സ്വഭാവികം. ലോകകപ്പുകളെ തന്റെ ലാസ്യനടനങ്ങളുടെ വിസ്മയഭൂമിയാക്കി മാറ്റിയ അദ്ദേഹം, കളിയുടെ നിയതമായ ഗദ്യരൂപകൽപനകളെ പൊളിച്ചടുക്കി അതിനെ കാവ്യാത്മകമാക്കി. ഡ്രിബ്ലിങ്ങിനൊപ്പം അസാധ്യമെന്നു തോന്നുന്ന കോണുകളിൽനിന്ന് നിറയൊഴിക്കാനുള്ള കഴിവും അനിതരസാധാരണമായ പാസിങ്ങുമൊക്കെ ചേർന്നപ്പോൾ, കാലം അതിന്റെ കമനീയ സിംഹാസനത്തിൽ പെലെയെ വാഴിക്കുകയായിരുന്നു.
ഖത്തറിനോട് എന്നും ഏറെ താൽപര്യം കാട്ടിയിരുന്നു ഇതിഹാസ താരം. ഖത്തറും അനൽപമായ സ്നേഹവും ആദരവും അദ്ദേഹത്തിനുമേൽ എക്കാലവും ചൊരിഞ്ഞു. ഉജ്ജ്വല ഫോമിൽ കളിക്കുന്ന 1973ലും വിശ്രമജീവിതം നയിക്കുന്ന 2005ലും ഉൾപ്പെടെ ഖത്തറിന്റെ ക്ഷണം സ്വീകരിച്ച് പെലെ ഇവിടെയെത്തിയിരുന്നു. ഒടുവിൽ, ഈ മണ്ണിൽ ലോകം അഭിമാനപുരസ്സരം നോക്കിക്കണ്ട ലോകകപ്പിനിടെ പെലെ ആരോഗ്യം ക്ഷയിച്ച് ശയ്യാവലംബിയായത് ഖത്തർ മഹാമേളയുടെ വലിയ നഷ്ടമായിരുന്നു. അതല്ലെങ്കിൽ, വിശ്വവേദിയുടെ അലങ്കാരമായി കളിയുടെ ചക്രവർത്തി തലയെടുപ്പോടെ അതിനു മുന്നിൽ നിന്നേനെ. എന്നിട്ടും പെലെ നിറഞ്ഞുനിന്ന ലോകകപ്പായിരുന്നു ഖത്തറിലേത്. കളിച്ചിരുന്ന കാലത്തിനിപ്പുറം അദ്ദേഹത്തിന്റെ പേരും രൂപവും ഓർമകളുമെല്ലാം ഏറെ നിറഞ്ഞുനിന്ന വിശ്വമേള. ആരോഗ്യ പ്രശ്നങ്ങൾ മൂർച്ഛിച്ച് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലായപ്പോൾ ഖത്തറിലെ ഗാലറിയിൽ ആയിരങ്ങൾ അദ്ദേഹത്തിനുവേണ്ടി പ്രാർഥനനിർഭരരായി. ബ്രസീലിലെ ആതുരാലയത്തിൽ രോഗത്തോട് മല്ലിട്ട മഹാപ്രതിഭക്കുവേണ്ടി ഖത്തറിലെത്തിയ പ്രമുഖ താരങ്ങളൊക്കെ രോഗശാന്തിയിലേക്ക് പ്രതീക്ഷകളോടെ കുറിപ്പുകളെഴുതി. കളത്തിൽ ബ്രസീലിന്റെ മഞ്ഞക്കുപ്പായക്കാർ പെലെയുടെ വലിയ ചിത്രം പതിച്ച ബാനറുമായി അദ്ദേഹത്തിന്റെ തിരിച്ചുവരവു കൊതിച്ച ലോകത്തിന്റെ മുന്നണിയിൽനിന്നു. അപ്പോൾ, 974 സ്റ്റേഡിയത്തിൽ ഗാലറിയെ പൊതിഞ്ഞ വലിയ മഞ്ഞ ബാനറിൽ ‘പെലെ, ഗെറ്റ് വെൽ സൂൺ’ എന്നെഴുതിയ സ്നേഹവചനങ്ങളിൽ ബ്രസീലിയൻ കാണികൾ ആ മഹാനുഭാവനുമേൽ ചൊരിഞ്ഞ ആദരം ലോകത്തിന്റെ മുഴുവൻ ശ്രദ്ധനേടിയിരുന്നു. ബാനറിനൊപ്പം മഞ്ഞയും പച്ചയും വരയിട്ട ഭീമൻ ജഴ്സിയും കാണികൾ ഗാലറിയെ പുതപ്പിച്ചു.
ദക്ഷിണ കൊറിയക്കെതിരെ ഡിസംബർ അഞ്ചിന് നടന്ന ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ടീമിന് പെലെ വിജയാശംസ നേർന്നിരുന്നു. ‘‘ഈ മത്സരം ഞാൻ ആശുപത്രിയിലിരുന്ന് കാണും. നിങ്ങളോരോരുത്തർക്കും എന്റെ നിറഞ്ഞ പിന്തുണയുണ്ടാകും.’’ ആ മത്സരത്തിൽ 4-1നാണ് മഞ്ഞപ്പട ജയിച്ചുകയറിയത്. ആ കുറിപ്പിൽ 17 വയസ്സുള്ളപ്പോഴുള്ള തന്റെ ചിത്രവും പെലെ ചേർത്തിരുന്നു. 1958 ലോകകപ്പ് നേടിയ വേളയിലേതായിരുന്നു അത്. ‘‘1958ൽ, സ്വീഡനിലെ തെരുവുകളിലൂടെ നടക്കുമ്പോൾ എന്റെ പിതാവിന് നൽകിയ വാഗ്ദാനം പാലിക്കുന്നതിനെക്കുറിച്ചായിരുന്നു ഞാൻ എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത്. ഒരുപാട് തവണ ദേശീയ ടീം ഈ വാഗ്ദാനങ്ങൾ നൽകുകയും കപ്പിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. കൂട്ടുകാരേ...
നിങ്ങളെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ യാത്രയിൽ നമ്മൾ ഒരുമിച്ചാണ്. നമ്മുടെ ബ്രസീലിന് എല്ലാവിധ ഭാവുകങ്ങളും.’’ 1950ലെ ലോകകപ്പ് ഫൈനലിൽ ഉറുഗ്വായിയോട് തോറ്റ് ലോകകപ്പ് കിരീടം ബ്രസീലിന് നേടാനാകാതെ പോയപ്പോൾ നിരാശനായി കരഞ്ഞിരുന്ന പിതാവിന് ‘ഒരിക്കൽ ഞാൻ ലോകകപ്പ് നേടും’ എന്ന് പെലെ നൽകിയ വാക്കായിരുന്നു എട്ടു വർഷങ്ങൾക്കുശേഷം യാഥാർഥ്യമായത്. 2005 നവംബർ 16ന് ആസ്പയർ സ്പോർട്സ് അക്കാദമിയുടെ ഉദ്ഘാടനത്തിന് ഇതിഹാസങ്ങളായ പെലെയും ഡീഗോ മറഡോണയെയും ഒരുമിച്ചാണ് ദോഹയിലെത്തിയത്. 1973ൽ സാന്റോസ് ടീമിനൊപ്പമാണ് പെലെ ദോഹയിലെത്തിയത്. അന്ന് ദോഹ സ്റ്റേഡിയത്തിൽ അൽ അഹ്ലി ക്ലബിനെതിരായ സൗഹൃദ മത്സരത്തിൽ സാന്റോസ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയം കണ്ടത്. കളിച്ചുതുടങ്ങിയ കാലം മുതൽ പെലെയെ പ്രണയിക്കുന്ന നിരവധി ആരാധകരുള്ള ഇടംകൂടിയാണ് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.