പെലെ: ബ്രസീലിന് വിലാസം സമ്മാനിച്ച അതുല്യ പ്രതിഭ

1930ല്‍ ഉറുഗ്വെയില്‍ നടന്ന ഒന്നാം ലോകകപ്പ് മുതല്‍ ബ്രസീല്‍ ലോകകപ്പില്‍ കളിക്കുന്നുണ്ട്. 1950ല്‍ കൈയകലത്ത് നിന്ന് തെന്നിമാറിയ കപ്പ് 1958ല്‍ അവർ ആദ്യമായി നേടിയെടുക്കുക തന്നെ ചെയ്തു. ചില അദ്ഭുതങ്ങള്‍ അരങ്ങേറിയ ലോകകപ്പ് കൂടിയായിരുന്നു അത്.

1958 വരെ ബ്രസീലില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെയും ആഗ്രഹമായിരുന്നു ലോകകപ്പ് നേടുക എന്നത്. ദാരിദ്ര്യം കൊടികുത്തിവാണ ആ കാലത്ത് തുണി കൊണ്ടും മറ്റും കെട്ടിയുണ്ടാക്കിയ പന്ത്കൊണ്ട് കളിച്ച് അവർ വിശപ്പിനെ മറികടന്നിരുന്നു. ബ്രസീലില്‍ ജനിക്കുന്ന കുട്ടികളില്‍ ഫുട്‌ബാള്‍ ദൈവത്തിന്റെ സ്പര്‍ശമുണ്ടാകുമെന്ന് അക്കാലത്തെ സാഹിത്യകാരന്മാര്‍ കുറിച്ചിരുന്നു. അത് യാഥാര്‍ഥ്യമായ വര്‍ഷം കൂടിയായിരുന്നു 1958. അന്ന് ലോകകപ്പിനിറങ്ങിയ ബ്രസീലിന്റെ ദേശീയ ടീമില്‍ ദൈവാനുഗ്രഹം കിട്ടിയ ഒരു സംഘം കുട്ടികളുണ്ടായിരുന്നു. എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ആയിരുന്നു അക്കൂട്ടത്തിലെ ഏറ്റവും മിടുക്കന്‍. പെലെ എന്ന പേരില്‍ പ്രശസ്തനായ അയാൾ ബ്രസീലിന്റെ ഫുട്‌ബാൾ ജാതകം തന്നെ തിരുത്തിയെഴുതി.

58ലെ ലോകകപ്പിൽ പെലേക്കൊപ്പം ഗാരിഞ്ചയും വാവയും ദീദിയും സഗാലോയുമെല്ലാം ഉണ്ടായിരുന്നു. അന്ന് പെലെക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. 16ാം വയസ്സില്‍ രാജ്യത്തിനായി ബൂട്ട് കെട്ടിയ താരം തന്റെ ആദ്യ ലോകകപ്പില്‍ തന്നെ രാജ്യത്തിന് സ്വപ്‌ന കിരീടം നേടിക്കൊടുത്തു.

അസാധാരണ പന്തടക്കവും ഷൂട്ടിങ് പാടവവും കൈമുതലാക്കിയ പെലെ സോവിയറ്റ് യൂനിയനെതിരെ ലോകകപ്പിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വലിയൊരു താരത്തിന്റെ പിറവി അറിയിച്ചു. വെയിൽസിനെതിരെയായിരുന്നു പെലെയുടെ ലോകകപ്പിലെ ആദ്യ ഗോള്‍. ബ്രസീലിനെ സെമിയിലെത്തിച്ച ആ ഗോളിനെ തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഗോള്‍ എന്നാണ് പെലെ പിന്നീട് വിശേഷിപ്പിച്ചത്. സ്വീഡനെ തോല്‍പ്പിച്ച് യൂള്‍റിമെ കപ്പുമായാണ് താരം അക്കൊല്ലം ബ്രസീലിലേക്ക് മടങ്ങിയത്. ലോകം വെട്ടിപ്പിടിച്ച ആഹ്ലാദം പോലെ ബ്രസീലുകാര്‍ ആഘോഷിച്ചു. ടൂര്‍ണമെന്റില്‍ ആറ് ഗോളുകള്‍ നേടിയ പെലെ ആയിരുന്നു അന്ന് ബ്രസീലുകാരുടെ ശ്രദ്ധാ കേന്ദ്രം. ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു ബ്രസീല്‍ അക്കൊല്ലം കപ്പ് നേടിയത്. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോട് ഗോഹരഹിത സമനില വഴങ്ങിയതിന്റെ അരിശം തീര്‍ക്കാന്‍ ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിലെ എക്കാലത്തെയും മികച്ച ഫുട്‌ബാളർമാരിൽ ഒരാളായ സര്‍ ബോബി ചാള്‍ട്ടന്‍ അടങ്ങിയ ടീമിനെ പെലെയും സംഘവും റിയോയിലേക്ക് വിളിച്ചു. 1959 മേയ് 13ന് മാറക്കാനയില്‍ വെച്ച് നടന്ന മത്സരത്തില്‍ പെലെയുടെ ഗോളിലൂടെ ഇംഗ്ലീഷ് പട നിലം പരിശായി. ആ കളിയെ ചാൾട്ടൻ വിവരിക്കുന്നത് ഇങ്ങനെയാണ്, ‘‘കടുത്ത പ്രതിരോധം ഒരുക്കിയ ഞങ്ങള്‍ പെലെയെ വെല്ലുവിളിച്ചു. അത്ര വലിയ കളിക്കാരനാണെങ്കില്‍ എന്ത് ചെയ്യാനാവുമെന്ന് കാണിക്കൂ, നിമഷങ്ങള്‍ക്കകം പെലെ ഞങ്ങളെ ഞെട്ടിച്ച് സ്‌കോര്‍ ചെയ്തു. പെലെ ശരിക്കും അവിശ്വസനീയമായ രീതിയിലാണ് അന്ന് കളിച്ചത്. ഞങ്ങളുടെ ടീമിനെ മുഴുവന്‍ ഒറ്റയടിക്ക് കീഴടക്കി എങ്ങനെയാണ് ആ ഗോള്‍ നേടിയതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല’’.

1962ലെ ഏഴാം ലോകകപ്പിലും പെലെ, ഗാരിഞ്ച, വാവ, ദിദീ, സഗാലോ സഖ്യം നിറഞ്ഞാടി. പരിക്ക് മൂലം ക്വാര്‍ട്ടര്‍ മുതല്‍ പുറത്തിരിക്കേണ്ടി വന്ന പെലെയുടെ അസാന്നിധ്യം ബ്രസീലുകാരെ ശരിക്കും നിരാശരാക്കി. എന്നാല്‍, ഗാരിഞ്ചയുടെ മികവില്‍ ചെക്കോസ്ലോവാക്യയെ പരാജയപ്പെടുത്തി കപ്പ് പെലെയും സംഘവും ബ്രസീലിലെത്തിച്ചു. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകള്‍ നേടിയ ബ്രസീലിനെ അന്ന് ലോകം മുഴുന്‍ മികച്ചവരെന്ന് അംഗീകരിച്ചു. അസാമാന്യ പ്രകടനം കാഴ്ചവെച്ച് അദ്ഭുതങ്ങള്‍ തീര്‍ക്കുന്ന പെലെയെ അതുല്യനെന്നും ലോകം വാഴ്ത്തി. പെലെയും ഗാരിഞ്ചയും ടീമിലുള്ളപ്പോള്‍ ടീം തോല്‍ക്കില്ല എന്ന വിശ്വാസം ഓരോ ബ്രസീലുകാരന്റെ ഉള്ളിലുമുണ്ടായിരുന്നു.

1966ല്‍ തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിന് നിരാശമാത്രമായിരുന്നു ഫലം. കരിയര്‍ തന്നെ അസാനിപ്പിക്കത്തക്ക വിധത്തില്‍ എതിര്‍ ഡിഫന്‍ഡര്‍മാരുടെ നിരന്തര ഫൗളുകള്‍ പെലെയെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നു. ലോകകപ്പ് നേടണമെങ്കില്‍ ബ്രസീലിനെ പരാജയപ്പെടുത്തണം. അതിനാദ്യം പെലെയെ ഒതുക്കണം. ഈ ഒരു പൊതുധാരണയുടെ ഭാഗമായാണ് മാരക ഫൗളുകള്‍ക്ക് പെലെ അക്കാലത്ത് ഇരയായത്. അതിനായി യൂറോപ്യന്‍ റഫറിമാരും എതിര്‍ ടീമുകളുടെ കൂടെ കൂടിയെന്നാണ് പെലെയുടെ വെളിപ്പെടുത്തല്‍. തന്റെ കരിയര്‍ ഒരു വികലാംഗനായി അവസാനിപ്പിക്കാന്‍ തയാറല്ല എന്ന് പറഞ്ഞ് പെലെ ബ്രസീല്‍ ദേശീയ ടീമില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. ഫുട്‌ബാളില്‍ യൂറോപ്യന്മാര്‍ കാണിക്കുന്ന അതിരുകടന്ന സ്വാധീനത്തിനെതിരെ ഒരു പ്രതിഷേധം കൂടിയായിരുന്നു ആ തീരുമാനം.

എന്നാല്‍ 1969ല്‍ പെലെയെ വീണ്ടും ടീമിലേക്ക് ക്ഷണിക്കപ്പെട്ടു. ഫൗളുകള്‍ക്ക് ഫിഫ മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും ഏര്‍പ്പെടുത്തി എന്നതും പെലെയുടെ രണ്ടാം വരവിന് കാരണമായിരുന്നു. 1970ലെ മെക്‌സിക്കോ ലോകകപ്പിന് മുമ്പ് പെലെ മറ്റു നിരവധി പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. ലോകകപ്പിന് മുമ്പ് അര്ജന്റീനയോട് തോറ്റത് മൂലം കോച്ച് സല്‍ഡാനയുമായി പെലെ ഇടഞ്ഞു. സല്‍ഡാനോയെ പറഞ്ഞയച്ച് ബ്രസീല്‍ ടീം പെലെയുടെ സുഹൃത്തും സഹകളിക്കാരനുമായിരുന്ന സഗാലൊയെ പരിശീലകനായി അവരോധിച്ചു. ഇത് പെലെക്ക് ഒരു പുത്തനുണര്‍വ് നല്‍കിയിരുന്നു.

70ലെ ലോകകപ്പിനായി പെലെ- ജര്‍സന്‍ - കാര്‍ലോസ് ആല്‍ബെര്‍ട്ടോ സംഖ്യം ഒരുങ്ങിയിരുന്നു. അക്കാലത്ത് ആ സഖ്യം അറിയപ്പെട്ടിരുന്നത് കോബ്രാസ് എന്ന വിളിപ്പേരിലാണ്. സഗാലോയുടെ കോച്ചിങ് മികവിലും കോബ്രാസിന്റെ കളി തന്ത്രങ്ങള്‍ കൊണ്ടും മൂന്നാമത് യൂള്‍റിമെയും ബ്രസീല്‍ നേടി.

1970 ലോകകപ്പിന് ശേഷം ഏതാനും സൗഹൃദ മത്സരങ്ങള്‍ മാത്രമേ പെലെ രാജ്യത്തിനായി കളിച്ചിരുന്നുള്ളൂ. പെലെയുടെ അഭാവം അക്കാലത്ത് ബ്രസീല്‍ ടീമിനെ ഉലച്ചിരുന്നു. മറ്റൊരു ലോകകപ്പ് നേടാന്‍ ടീമിന് കാല്‍ നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു. ഒരു ഫുട്‌ബാള്‍ താരത്തിന് ചെയ്യാനാവുന്നതിന്റെ പരമാവധി പെലെ അക്കാലയളവില്‍ ചെയ്തു കഴിഞ്ഞിരുന്നു. പെലെ ബ്രസീലുകാരുടെ ഫുട്‌ബാള്‍ ദൈവവും പകരം വെക്കാനില്ലാത്ത ഇതിഹാസവുമായി മാറിയിരുന്നു. നൂറ്റാണ്ടിലെ മികച്ച ഫുട്‌ബാളര്‍, മൂന്ന് തവണ ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരന്‍, യൂറോപ്യന്മാര്‍ അടക്കിവാണിരുന്ന ഫുട്‌ബാളില്‍ ലാറ്റിനമേരിക്കക്കും ബ്രസീലിനും വിലാസം സമ്മാനിച്ച അതുല്യ പ്രതിഭ...അങ്ങനെ വിശേഷണങ്ങൾ ഏറെയായിരുന്നു.

ക്ലബിനും രാജ്യത്തിനുമായി കളിച്ച 1360 മത്സരങ്ങളില്‍ നിന്ന് 1280 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇതിൽ 92 ഹാട്രിക്കുകള്‍ ഉണ്ടായിരുന്നു. കളിക്കളത്തിന് പുറത്തും പെലെ ഫുട്‌ബാളുമായി ബന്ധം തുടര്‍ന്നിരുന്നു. കായിക മന്ത്രിയായും ലോകകപ്പ് സംഘാടകനായും പില്‍ക്കാലത്ത് പെലെ നിറഞ്ഞുനിന്നു. 

Tags:    
News Summary - Pele: The Unique Genius Who gave new address for Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.