മ്യൂണിക്ക്: യൂറോ കപ്പിൽ ജർമനി-ഫ്രാൻസ് മത്സരത്തിന് മുമ്പ് പാരച്യൂട്ടിൽ പറന്നെത്തിയ പ്രതിഷേധക്കാരന് നിയന്ത്രണം തെറ്റിയതിനെ തുടർന്ന് കാണികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയത്തിലേക്ക് 'കിക്ക് ഔട്ട് ഓയിൽ', 'ഗ്രീൻപീസ്' എന്നിങ്ങനെ എഴുതിയിരുന്ന മഞ്ഞ പാരച്യൂട്ടിലാണ് പ്രതിഷേധക്കാരൻ പറന്നിറങ്ങിയത്. സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ പിടിപ്പിച്ചിരുന്ന ഓവർഹെഡ് ക്യാമറയുടെ വയറിൽ കുരുങ്ങി പാരച്യൂട്ടിന്‍റെ നിയന്ത്രണം തെറ്റുകയും കാണികൾക്ക് ഇടയിലൂടെ പറന്ന് താഴെ വീഴുകയായിരുന്നു. ഇതിലാണ് നിരവധി കാണികൾക്ക് പരിക്കേറ്റത്. അവശിഷ്ടങ്ങൾ ദേഹത്തേക്ക് വീഴാതെ ഫ്രാൻസ് പരിശീലകൻ ദെഷാംപ്സ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കാണികൾക്ക് മാത്രമല്ല പാരച്യൂട്ടിലെത്തിയ പ്രതിഷേധക്കാരനും പരിക്കേറ്റു.
ജർമൻ ഫുട്ബാൾ ഫെഡറേഷനും പ്രതിഷേധക്കാരെ തള്ളി രംഗത്തെത്തി. നിയമ നടപടികൾ സ്വീകരിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി. അംഗീകാരിക്കാൻ കഴിയാത്ത പ്രവൃത്തിയായിരുന്നു ആ പ്രതിഷേധമെന്ന് ജർമ്മൻ ടീം വക്താവ് ജെൻസ് ഗ്രിറ്റ്നർ പറഞ്ഞു.
പാരച്യൂട്ടിന്‍റെ ഭാഗങ്ങൾ കാണികളുടെ തലക്ക് അടിച്ചിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു. ഗ്രൗണ്ടിൽ പാരച്യൂട്ട് ഇറക്കുന്നതിൽ വിജയിച്ച പ്രതിഷേധക്കാരൻ ജർമ്മൻ താരങ്ങളായ അേന്റാണിയോ റൂഡിഗർ, റോബിൻ ജോസെൻസ് എന്നിവർക്ക് അരികിലാണ് വീണത്. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ നിന്ന് നീക്കി. വൈദ്യ പരിചരണവും നൽകി.
സംഭവത്തിൽ ക്ഷമ ചോദിച്ച് ഗ്രീൻപീസ് ജർമനിയും രംഗത്തെത്തി. യുവേഫക്കും ടൂർണമെന്‍റിലെ പ്രധാന സ്പോൺസർമാരായ റഷ്യൻ സ്റ്റേറ്റ് എനർജി കോർപറേഷനായ ഗ്യാസ്പ്രോമിനുമെതിരെ ഗ്രീൻപീസിന്‍റെ പ്രതിഷേധം നേരത്തേയും ഉയർന്നിട്ടുണ്ട്. 2013ലെ ചാമ്പ്യൻസ് ലീഗിലായിരുന്നു ഈ പ്രതിഷേധം. അന്ന് ഗ്രീൻപീസ് പ്രവർത്തകർ സ്റ്റേഡിയത്തിന് മുകളിൽ നിന്ന് കയറിൽ ഊർന്നിറങ്ങിയാണ് ബാനർ ഉയർത്തി പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.