വനിത ലോകകപ്പിൽ ഫിലിപ്പീൻസ് ചരിത്രം; ന്യൂസിലൻഡിനെ വീഴ്ത്തി പ്രഥമ ജയം

വെല്ലിങ്ടൺ: വനിത ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയവും ഗോളും സ്വന്തമാക്കി ഫിലിപ്പീൻസ്. ആതിഥേയരായ ന്യൂസിലൻഡിനെതിരെ ചൊവ്വാഴ്ച നടന്ന ഗ്രൂപ് എ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിലിപ്പീനികളുടെ വിജയം. 24ാം മിനിറ്റിൽ സെറീന ബോൾഡനാണ് സ്കോർ ചെയ്തത്.

കളത്തിൽ മേധാവിത്വം പുലർത്തിയത് ന്യൂസിലൻഡായിരുന്നെങ്കിലും ഗോളും വിജയവും എതിരാളികൾ നേടി. ഉദ്ഘാടന മത്സരത്തിൽ നോർവേയെ 1-0ത്തിന് തോല്പിച്ച് ന്യൂസിലൻഡും ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം കൈക്കലാക്കിയിരുന്നു. ഗ്രൂപ് എയിലെ സ്വിറ്റ്സർലൻഡ്-നോർവേ കളി ഗോൾരഹിത സമനിലയിൽ കലാശിച്ചു. രണ്ട് മത്സരങ്ങളിൽ നാല് പോയന്റോടെ സ്വിസ് ടീമാണ് ഒന്നാമത്. ന്യൂസിലൻഡ് (3) രണ്ടും ഫിലിപ്പീൻസ് (3) മൂന്നും നോർവേ (1) നാലും സ്ഥാനങ്ങളിലാണ്.

ഗ്രൂപ് എച്ചിൽ ദക്ഷിണ കൊറിയയെ കൊളംബിയ 2-0ത്തിനും തോല്പിച്ചു. മൂന്നു പോയന്റുള്ള ജർമനിക്ക് പിന്നിൽ രണ്ടാമതാണ് കൊളംബിയ (3). കൊറിയക്ക് പുറമെ മൊറോകോക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.

കേസി ഫെയർ, ഫുട്ബാൾ ലോകകപ്പ് കളിച്ച പ്രായം കുറഞ്ഞ താരം

സിഡ്‌നി: ദക്ഷിണ കൊറിയയുടെ 16 കാരി കേസി ഫെയർ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. കൊളംബിയക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായാണ് ഇറങ്ങിയത്. പുരുഷ, വനിത ലോകകപ്പുകൾ എടുത്താലും പ്രായം കുറഞ്ഞ താരമാണ് കേസി. 16 വയസ്സും 26 ദിവസവും മാത്രമാണ് സ്ട്രൈക്കറുടെ പ്രായം.

1999 വനിത ലോകകപ്പില്‍ നൈജീരിയയുടെ ഐഫിയാനി ചിയേജിനെ സ്ഥാപിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി. ചിയേജിനെ ആദ്യമായി ഇറങ്ങിയപ്പോള്‍ പ്രായം 16 വയസ്സും 34 ദിവസവുമായിരുന്നു. വടക്കൻ അയർലൻഡിന്റെ നോർമാൻ വൈറ്റ്സൈഡാണ് പുരുഷ ലോകകപ്പ് കളിച്ച 'ബേബി'. 1982 ലോകകപ്പിൽ നോർമാൻ കളിക്കുമ്പോൾ പ്രായം 17 വയസ്സും 40 ദിവസവും.

Tags:    
News Summary - Philippines beat New Zealand 1-0 to 1st Women's World Cup win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.