2023ലെ മികച്ച ഏഷ്യൻ ഫുട്ബാളറായി ദക്ഷിണ കൊറിയയുടെ മുന്നേറ്റതാരം ഹ്യൂങ് മിൻ സണ്ണിനെ തെരഞ്ഞെടുത്തു. സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്റിന്‍റെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നാണ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്സ്പർ താരം തുടർച്ചയായ ഏഴാം തവണയും പുരസ്കാരം സ്വന്തമാക്കിയത്.
ദേശീയ ടീമിനും ക്ലബിനും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് താരത്തെ ഒമ്പതാം തവണയും പുരസ്കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ രാജ്യങ്ങൾക്കും ക്ലബുകൾക്കും വേണ്ടി കളിക്കുന്ന ഫുട്ബാൾ താരങ്ങളെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. 2023 ജനുവരിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്നാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബിലേക്ക് ചുവടുമാറ്റുന്നത്. സീസണിൽ 53 ഗോളുകളാണ് താരം ക്ലബിനായി നേടിയത്. ടോപ് സ്കോററുമായി.
എന്നാൽ, പോർചുഗീസ് താരത്തിന്‍റെ ഈ പ്രകടനം ഏഷ്യയിലെ മികച്ച ഫുട്ബാളാകാൻ മാത്രം മതിയായില്ല. മികച്ച ഫുട്ബാൾ താരത്തിനുള്ള വോട്ടെടുപ്പിൽ 17.06 ശതമാനം വോട്ടുകൾ നേടി മൂന്നാമതാണ് ക്രിസ്റ്റ്യാനോ ഫിനിഷ് ചെയ്തത്. ബയേൺ മ്യൂണിക്കിന്‍റെ കൊറിയൻ പ്രതിരോധ താരം കിം മിൻ ജെ 19.54 ശതമാനം വോട്ടുകൾ നേടി രണ്ടാമതെത്തി. സൺ 22.9 ശതമാനം വോട്ടുകളാണ് നേടിയത്.
ഏഷ്യൻ കപ്പ് ഫുട്ബാളിനായി സണ്ണും കിമ്മും നിലവിൽ ഖത്തറിലാണ്. ബഹറൈനെതിരായ ആദ്യ ഗ്രൂപ്പ് മത്സരം അനായാസം ജയിച്ചുകയറിയ ദക്ഷിണ കൊറിയ, ടൂർണമെന്‍റിലെ കിരീട ഫേവറൈറ്റുകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.