ടീം ഇനത്തിൽ ഏത് കായിക വിനോദമെടുത്താലും, മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന, വിജയത്തിൽ നിർണായക പങ്കുവഹിക്കുന്ന താരങ്ങൾക്ക് മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നൽകാറുണ്ട്. ഇത്തരത്തിൽ ലോക ഫുട്ബാളിൽ ഏറ്റവും കൂടുതൽ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടവരിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി തൊട്ടുപിന്നിലുള്ള താരത്തേക്കാൾ ബഹുദൂരം മുന്നിലാണ്. ഫുട്ബാളിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ അഞ്ചു താരങ്ങൾ ആരൊക്കെയാണെന്നറിയാം...
ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എട്ടു തവണ മികച്ച ലോക ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടിയ മെസ്സി തന്നെയാണ് കളിയിലെ താരത്തിനുള്ള പുരസ്കാരം നേടിയവരിൽ ഒന്നാമത്. 395 തവണയാണ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം താരത്തിന് ലഭിച്ചത്. നിലവിൽ മേജർ സോക്കർ ലീഗിൽ ഇന്‍റർ മയാമിയുടെ താരമാണ്. അർജന്‍റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് മുന്നിൽനിന്ന് നയിച്ചത് മെസ്സിയായിരുന്നു.
38ാം വയസ്സിലും എതിർ വലയിൽ ഗോളടിച്ചുകൂട്ടുകയാണ് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ. 2024ലെ യൂറോ കപ്പിലേക്ക് തന്‍റെ മിന്നും പ്രകടനംകൊണ്ട് പോർചുഗലിനെ കൈപിടിച്ചുയർത്തിയ സി.ആർ7നു മുന്നിൽ പ്രായം വെറുമൊരു അക്കംമാത്രമായി തുടരുന്നു. 176 മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളുമായി പട്ടികയിൽ താരം രണ്ടാമതാണ്. മെസ്സിയേക്കാൾ 219 എണ്ണം കുറവ്. നിലവിൽ സൗദി ലീഗിൽ അൽ നസ്ർ താരമാണ്. യൂറോപ്യൻ ക്ലബ് പോരാട്ടമായ ചാമ്പ്യൻസ് ലീഗിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചാണ് താരം ഏഷ്യയിലേക്ക് ചുവടുമാറ്റിയത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോഡും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
ഫുട്ബാൾ കളത്തിലെ സിംഹം എന്നറിയപ്പെട്ട സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച് 41ാം വയസ്സിലാണ് വിരമിച്ചത്. വിവിധ ക്ലബുകൾക്കായി 819 മത്സരങ്ങളിൽനിന്നായി 493 ഗോളുകൾ നേടിയിട്ടുണ്ട്. സ്വീഡനായി 121 മത്സരങ്ങളിൽനിന്ന് 62 ഗോളുകളും നേടി. സ്വീഡന്‍റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്. 116 തവണയാണ് ഇബ്രാഹിമോവിച് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്‌ബാളില്‍നിന്ന് സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് വിരമിച്ചത്. 2008ല്‍ അന്താരാഷ്ട്ര ജഴ്‌സിയില്‍ അരങ്ങേറിയ താരം രാജ്യത്തിനായി 126 മത്സരങ്ങള്‍ കളിച്ചു. 33 ഗോളുകളും നേടി. ക്ലബ് ഫുട്‌ബാളിലും തിളങ്ങി. 100 തവണയാണ് താരം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.
യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമാണ് റോബർട്ട് ലെവൻഡോവ്സ്കി. ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്, ബാഴ്‌സലോണ ടീമുകൾക്കായി കളിച്ചാണ് പോളിഷ് താരം ഈ നേട്ടം കൈവരിച്ചത്. 96 തവണയാണ് താരം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.