മ്യൂണിക്: പ്രൊഫഷണൽ ഫുട്ബാളിന്റെ വക്താക്കളായ ജർമനി പ്രതാപകാലത്തെ ഓർമിപ്പിക്കും വിധം തീതുപ്പിയ മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകളേറ്റ് പോർച്ചുഗൽ കരിഞ്ഞുണങ്ങി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു തിരിച്ചടിയുമായി ജർമനിയുടെ രാജകീയ തിരിച്ചുവരവ്. ജർമൻ മുന്നേറ്റ നിര പാഞ്ഞടുത്തതോടെ പറങ്കിപ്പടയുടെ പ്രതിരോധം ആടിയുലയുകയായിരുന്നു. ഇതോടെ മരണഗ്രൂപ്പായ 'എഫിൽ' അവസാന മത്സരം എല്ലാം ടീമുകൾക്കും നിർണായകമായി. രണ്ടുമത്സരം വീതം പൂർത്തിയായപ്പോൾ ഫ്രാൻസിന് നാലും ജർമനി, പോർച്ചുഗൽ ടീമുകൾക്ക് മൂന്ന് വീതവും ഹംഗറിക്ക് ഒന്നും പോയന്‍റാണുള്ളത്.
മത്സരത്തിന്‍റെ ആദ്യം മുതൽ എതിർഗോൾമുഖത്തേക്ക് ഇരമ്പിയാർത്ത ജർമനി അഞ്ചാം മിനിറ്റിൽ തന്നെ ഗോളടിച്ചുവെങ്കിലും ഓഫ് സൈഡ് പതാക ഉയരുകയായിരുന്നു. നിരന്തരം ആക്രമണം അഴിച്ചുവിട്ട ജർമനിയെ ഞെട്ടിച്ച് 15ാം മിനിറ്റിൽ പോർച്ചുഗൽ ഗോൾ കുറിച്ചു. കൗണ്ടർ അറ്റാക്കിനൊടുവിൽ ബെർണാഡോ സിൽവയുടെ പാസ് അനായാസം റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു. ജർമനിക്കെതിരെ കരിയറിൽ ഇതാദ്യമായാണ് റോണോ ഗോളടിക്കുന്നത്.
ഉണർന്നെണീറ്റ ജർമനി എതിർഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞടുത്തു. 35ാം മിനിറ്റിൽ ഹാവെർട്സിന് നേരെ ഗോസൻസ് നീട്ടിക്കൊടുത്ത ക്രോസിന് തടയിടുന്നതിനിടെ റൂബൻ ഡയസ് സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയതോടെ ജർമനിക്ക് ആദ്യ ഗോൾ സമ്മാനമായി ലഭിച്ചു. നാലുമിനിറ്റുകൾക്ക് ശേഷം ജർമനിയുടെ രണ്ടാം ഗോളെത്തി. റൂഡിഗറിന്‍റെ ക്രോസ് ക്ലിയർ ചെയ്യാനൊരുങ്ങിയ പോർച്ചുഗൽ പ്രതിരോധ ഭടൻ ഗുറേറിയോയുടെ കാലിൽ തട്ടി പന്ത് വീണ്ടും സ്വന്തം വലയിലേക്ക്. സ്കോർ 2-1. നാബ്രി-ഹാവെർട്സ് സഖ്യമായിരുന്നു പോർച്ചുഗീസ് പ്രതിരോധത്തെ കുലുക്കിയത്.
ഇടവേളക്ക് ശേഷം കൂടുതൽ കരുത്തരായ ജർമനിയെയാണ് മൈതാനം കണ്ടത്. 51ാം മിനുറ്റിൽ സംഘടിത മുന്നേറ്റത്തിനൊടുവിൽ ഹാവെർഡ്സ് മൂന്നാം ഗോൾ കുറിച്ചു. 61ാം മിനുറ്റിൽ നിറഞ്ഞുകളിച്ച ഗോസൻസിന്‍റെ ബൂട്ടിൽ നിന്നായിരുന്നു നാലാംഗോൾ.
67ാം മിനുറ്റിൽ ഫ്രീകിക്കിൽ നിന്നും റൊണാൾഡോ സുന്ദരമായി മറിച്ചു നൽകിയ പന്ത് വലയിലെത്തിച്ച് ഡിയഗോ ജോട്ട പോർച്ചുഗലിന് ജീവ ശ്വാസം പകർന്നെങ്കിലും മത്സരം കൈവിട്ടിരുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാൻ പോർച്ചുഗൽ പൊരുതിയെങ്കിലും കോട്ടകെട്ടിയ ജർമൻ പ്രതിരോധത്തെ മറികടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.