ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബാളിൽ മറ്റൊരു റെക്കോർഡ് കൂടി തുന്നിച്ചേർത്ത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഖത്തറിനെതിരെ ശനിയാഴ്ച രാത്രി നടന്ന സൗഹൃദമത്സരത്തിൽ ബൂട്ട് കെട്ടിയതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങുന്ന യൂറോപ്യൻ താരമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തം പേരിലാക്കി. 180 മത്സരങ്ങളിൽ സ്പെയിനിനായി കളത്തിലിറങ്ങിയ സെർജിയോ റാമോസിന്‍റെ പേരിലുള്ള റെക്കോർഡാണ് 181ാമത് മത്സരത്തിനിറങ്ങി റൊണാൾഡോ പഴങ്കഥയാക്കിയത്.
മത്സരത്തിൽ ഖത്തറിനെ പോർച്ചുഗൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. മത്സരത്തിൽ ആദ്യ ഗോൾ നേടിയ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബാളിൽ തന്‍റെ ഗോൾനേട്ടം 112 ആയി ഉയർത്തി. പോയമാസം അയർലൻഡിനെതിരെ ഇരട്ടഗോളുകൾ നേടി ഇറാൻ താരം അലിദേയിയുടെ പേരിലുള്ള അന്താരാഷ്ട്ര ഗോൾ റെക്കോർഡ് റൊണാൾഡോ മറികടന്നിരുന്നു.
മത്സരത്തിന്‍റെ 37ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ.ആദ്യ പകുതിക്ക് ശേഷം റൊണാൾഡോയെ മത്സരത്തിൽ നിന്നും പിൻവലിച്ചിരുന്നു. 48ാം മിനിറ്റിൽ ജോസ് ഫോണ്ടെ, 90ാം മിനിറ്റിൽ ആന്ദ്രേ സിൽവ എന്നിവരും പറങ്കികൾക്കായി ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.