ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങിയ പോർച്ചുഗലിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ലക്സംബർഗിനെ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് പറങ്കികൾ തകർത്തുവിട്ടത്. മൂന്ന് ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത മാഞ്ചസ്റ്റർ യുനൈറ്റഡ് േപ്ലമേക്കർ ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു പോർച്ചുഗലിനായി മിന്നിത്തിളങ്ങിയത്. വിജയികൾക്കായി ഗോൾസാലോ ഇനാസിയോ, ഗോൺസാലോ റാമോസ്, ഡിയോഗൊ ജോട്ട എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ റിക്കാർഡോ ഹോർട്ട, ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ് എന്നിവർ ഓരോ ഗോൾ നേടി. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ മഞ്ഞക്കാർഡ് ലഭിച്ചതിനാലാണ് റൊണാൾഡോക്ക് ഇറങ്ങാനാവാതിരുന്നത്.
12ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ബോക്സിന് പുറത്തുനിന്ന് നൽകിയ ക്രോസ് ഉയർന്നുചാടി ഹെഡറിലൂടെ വലയിലെത്തിച്ച് ഗോൺസാലോ ഇനാസിയോ ആണ് പോർച്ചുഗലിന്റെ ഗോൾവേട്ട തുടങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം ലക്സംബർഗ് പ്രതിരോധ താരത്തിൽനിന്ന് തട്ടിയെടുത്ത പന്ത് ഫെർണാണ്ടസിലൂടെ ഗോൾസാലോ റാമോസിലെത്തുകയും താരത്തിന്റെ ഇടങ്കാലൻ ഷോട്ട് ഗോൾകീപ്പർ അവസരമൊന്നും നൽകാതെ വലയിലെത്തുകയും ചെയ്തു. 33ാം മിനിറ്റിൽ റാമോസ് രണ്ടാം ഗോളും നേടി. ഇടതുവിങ്ങിലൂടെ മുന്നേറിയ ലിയാവോ നൽകിയ മനോഹരമായ പാസ് എതിർ ഡിഫൻഡറെ വിദഗ്ധമായി വെട്ടിയൊഴിഞ്ഞ് ക്ലിനിക്കൽ ഫിനിഷിലൂടെ പി.എസ്.ജി സ്ട്രൈക്കർ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഇനാസിയോ തന്റെ രണ്ടാം ഗോൾ നേടി. ഇത്തവണയും ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസാണ് ഗോളിലേക്ക് നയിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ ഡിയോഗോ ജോട്ട അഞ്ചാം ഗോളും പത്ത് മിനിറ്റിനകം റിക്കാർഡോ ഹോർട്ട ആറാം ഗോളും നേടി. 77ാം മിനിറ്റിൽ ഡിയോഗോ ജോട്ട വീണ്ടും ലക്ഷ്യം കണ്ടു. ആറ് മിനിറ്റിനകം ബ്രൂണോ ഫെർണാണ്ടസിലൂടെ എട്ടാം ഗോൾ നേടിയ പോർച്ചുഗൽ 88ാം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ പട്ടിക പൂർത്തിയാക്കി. ഖത്തർ ലോകകപ്പിന് ശേഷം ഫെർണാണ്ടോ സാന്റോസിൽനിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത റോബർട്ടോ മാർട്ടിനസിന് കീഴിൽ കളിച്ച എല്ലാ മത്സരങ്ങളും പോർച്ചുഗൽ വിജയിച്ചു.
ഗ്രൂപ്പ് ‘ജെ’യിൽ ആറ് മത്സരങ്ങളിൽ ആറും ജയിച്ച പോർച്ചുഗലാണ് 18 പോയന്റുമായി ഒന്നാമത്. ആറ് മത്സരങ്ങളിൽ 24 ഗോളുകൾ എതിർ ടീമുകളുടെ വലയിൽ എത്തിച്ച റോബർട്ടോ മാർട്ടിനസിന്റെ സംഘം ഒരൊറ്റ ഗോൾ പോലും തിരികെ വാങ്ങിയിട്ടില്ല. 13 പോയന്റുള്ള െസ്ലാവാക്യ രണ്ടാമതും 10 പോയന്റുള്ള ലക്സംബർഗ് മൂന്നാമതുമാണ്. ആറ് പോയന്റ് വീതമുള്ള ബോസ്നിയ ആൻഡ് ഹെർസഗോവിന, ഐസ്‍ലാൻഡ് എന്നിവ നാലും അഞ്ചും സ്ഥാനത്തും പോയന്റൊന്നുമില്ലാത്ത ലിച്ചൻസ്റ്റീൻ അവസാന സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.