ചരിത്രനേട്ടം: അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി റൊണാൾഡോ

ലിസ്ബൻ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനുവേണ്ടി താരം നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറി കടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയര്‍ലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.

അയർലന്‍റിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. മത്സരത്തിന്‍റെ ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. 88 മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന പോര്‍ച്ചുഗല്‍ 89ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളിൽ സമനില പിടിച്ചു. തുടര്‍ന്ന് കളി അവസാനിക്കാന്‍ സെക്കന്‍റുകൾ ശേഷിക്കെ വീണ്ടും റൊണാൾഡോ ഗോള്‍ നേടി, ഒപ്പം ചരിത്ര നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിചേര്‍ത്തു.

ഈ മത്സരത്തോടെ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാൾഡോക്കായി. 2003-ൽ 18-ാം വയസ്സിൽ ഖസാക്കിസ്താനെതിരെ പോർച്ചുഗലിനായാണ് റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (134) നേടിയ താരവും യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (17) തേടിയ താരവും യുവേഫ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (23) നേടിയ താരവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

Tags:    
News Summary - Portugal's Cristiano Ronaldo Breaks Record For Most Goals In Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.