ഖത്തർ ലോകകപ്പിൽ ക്വാർട്ടർ വരെയെത്തി മടങ്ങിയ പോർച്ചുഗലിന്റെ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് ഇനി പുതിയ ടീമിനൊപ്പം. സൂപർ താരം റോബർട്ട് ലെവൻഡോവ്സ്കി ബൂട്ടുകെട്ടുന്ന പോളണ്ട് ടീമിനെയാണ് സാന്റോസ് പരിശീലിപ്പിക്കുക. ഇതേ പദവിയിൽ മുൻ ലിവർപൂൾ മിഡ്ഫീൽഡറായിരുന്ന സ്റ്റീവൻ ജെറാർഡിന്റെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും പോളണ്ട് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റാണ് സാന്റോസിന്റെ പേര് വെളിപ്പെടുത്തിയത്. 2026 വരെയാകും ചുമതലയെന്നാണ് സൂചന.
ഖത്തർ ലോകകപ്പിൽ ഗ്രൂപിൽ രണ്ടാമന്മാരായി നോക്കൗട്ടിലെത്തിയ പോളണ്ട് ഫ്രാൻസിനു മുന്നിൽ വീണ് പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. സൗദിയെ പരാജയപ്പെടുത്തുകയും മെക്സിക്കോയോട് സമനില പാലിക്കുകയും ചെയ്ത ടീം അർജന്റീനക്കു മുന്നിൽ മാത്രമായിരുന്നു ഗ്രൂപ് ഘട്ടത്തിൽ തോൽവി വഴങ്ങിയത്. ഫൈനലിസ്റ്റുകളായ ഫ്രാൻസിനോട് 3-1നാണ് പ്രീക്വാർട്ടറിൽ തോറ്റത്. പഴികേട്ട കോച്ച് മിഷ്നീവിക്സ് പുറത്തുപോകുകയും ചെയ്തു.
ഇതോടെയാണ് പുതിയ കോച്ചിന് അവസരമൊരുങ്ങിയത്. 2014 മുതൽ പോർച്ചുഗലിനെ പരിശീലിപ്പിച്ച സാന്റോസ് 2016 യൂറോ കപ്പിലും 2019 നേഷൻസ് കപ്പിലും ടീമിനെ കിരീടത്തിലെത്തിച്ചു. എന്നാൽ, ഖത്തറിലെ കറുത്ത കുതിരകളായി മാറിയ മൊറോക്കോക്കു മുന്നിൽ ഒരു ഗോൾ തോൽവിയുമായാണ് ക്വാർട്ടറിൽ മടക്കം.
നേരത്തെ പുറത്തായതിനു പിന്നാലെ സാന്റോസ് ടീം വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.