ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും ടോട്ടൻഹാമിനെതിരെയും തകർപ്പൻ പ്രകടനം പുറത്തെടുത്ത ചെൽസിക്ക് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി. ന്യൂകാസിൽ യുനൈറ്റഡിനോട് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസി തോൽവി വഴങ്ങിയത്. മറ്റൊരു മത്സരത്തിൽ ബ്രെന്‍റ്ഫോഡിനെ ഒരു ഗോളിന് വീഴ്ത്തി ആഴ്സണൽ സിറ്റിയെ മറികടന്ന് ലീഗിൽ ഒന്നാമതെത്തി.
സ്വീഡിഷ് താരം അലക്സാണ്ടർ ഐസക്കിലൂടെ മത്സരത്തിന്‍റെ 13ാം മിനിറ്റിൽ തന്നെ ന്യൂകാസിൽ സ്വന്തം കാണികൾക്കു മുന്നിൽ ലീഡെടുത്തു. 23ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് കിടിലൻ ഫ്രീകിക്കിലൂടെ സന്ദർശകരെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ചെൽസി, രണ്ടാം പകുതിയിൽ മൂന്നു ഗോളുകളാണ് വഴങ്ങിയത്. 60ാം മിനിറ്റിൽ നായകൻ ജമാൽ ലാസെല്ലെസ് ന്യൂകാസിലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇടതുപാർശ്വത്തിൽനിന്ന് ഗോൾമുഖത്തേക്ക് ഗോർഡൻ നൽകിയ ക്രോസിന് ഓടിയെത്തിയ താരം, പന്ത് അനായാസം വലയിലാക്കി.
ഒരു മിനിറ്റിനുള്ളിൽ ചെൽസി വല വീണ്ടും കുലുങ്ങി. 61ാം മിനിറ്റിൽ ബ്രസീൽ താരം ജോലിന്റന്‍റെ വകയായിരുന്നു മൂന്നാം ഗോൾ. 73ാം മിനിറ്റിൽ നായകൻ റീസ് ജെയിംസ് രണ്ടാം മഞ്ഞകാർഡ് വാങ്ങി പുറത്തുപോയതോടെ ചെൽസി പത്തു പേരിലേക്ക് ചുരുങ്ങിയത് തിരിച്ചടിയായി. 83ാം മിനിറ്റിൽ ആന്റണി ഗോർഡൻ ചെൽസിയുടെ വലയിൽ നാലാമത്തെ ഗോളും അടിച്ചുകയറ്റി. 13 മത്സരങ്ങളിൽനിന്ന് 16 പോയന്‍റുമായി ചെൽസി പത്താം സ്ഥാനത്താണ്.
മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ, ജർമൻ താരം കായ് ഹാവെർട്സ് നേടിയ ഗോളിലാണ് ബ്രെന്‍റ്ഫോഡിനെ ആഴ്സണൽ വീഴ്ത്തിയത്. ജയത്തോടെ 13 മത്സരങ്ങളിൽനിന്ന് ആഴ്സണലിന് 30 പോയന്‍റായി. രണ്ടാമതുള്ള സിറ്റിക്ക് 29 പോയന്‍റും മൂന്നാമതുള്ള ലിവർപൂളിന് 28 പോയന്‍റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.