പ്രിമിയർ ലീഗിന് തിരിച്ചുവരവിന്റെ ബോക്സിങ് ഡെ- ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കടമ്പ കടക്കുമോ?

നവംബർ 13ന് മാഞ്ചസ്റ്റർ യുനൈറ്റഡും ഫുൾഹാമും തമ്മിൽ നടന്നതായിരുന്നു ചാമ്പ്യൻസ്‍ ലീഗിലെ അവസാന മത്സരം. ലോകകപ്പിന് തത്കാലത്തേക്ക് പിരിഞ്ഞ ലീഗ് വീണ്ടും സജീവമാകുമ്പോൾ ഇംഗ്ലീഷ് മൈതാനങ്ങളിൽ അതിവേഗ കുതിപ്പിന്റെ വഴിയിൽ തുടരാനും തുടക്കത്തിലെ വൻവീഴ്ചകൾ മറികടക്കാനുമുള്ള ഓട്ടങ്ങളിലാകും ടീമുകൾ.

ഖത്തർ ലോകകപ്പിൽ ഇംഗ്ലീഷ് ടീം നേരത്തെ മടങ്ങിയെങ്കിലും വിവിധ രാജ്യങ്ങൾക്കായി 100 ഓളം പ്രിമിയർ ലീഗ് താരങ്ങൾ ബൂട്ടുകെട്ടിയിരുന്നു. അവസാന 16ലെത്തിയ ടീമുകൾക്കായി 91 പേരാണ് ഖത്തർ ലോകകപ്പിലുണ്ടായിരുന്നത്.

പ്രിമിയർ ലീഗ് പോയിന്റ് നിലയിൽ ആഴ്സണലാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 14 കളികളിൽ 37 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി അത്രയും കളികളിൽ 32ഉം 30 പോയിന്റ് സ്വന്തമാക്കി ന്യുകാസിൽ മൂന്നാമതും ടോട്ടൻഹാം (29) നാലാമതുമുണ്ട്. മുൻ ചാമ്പ്യന്മാരായ ലിവർപൂൾ 22 പോയിന്റുമായി ആറാമതാണ്. തൊട്ടുമുന്നിൽ 26 പോയിന്റുള്ള മാഞ്ചസ്റ്റർ യുനൈറ്റഡുണ്ട്. മികച്ച പ്രകടനവുമായി ആഴ്സണലിനൊപ്പം ന്യൂകാസിലും പിടിച്ചുനിൽക്കുന്നതാണ് വമ്പന്മാരിൽ പലരെയും പിറകിലാക്കിയത്.

ലീഗിൽനിന്ന് ആദ്യ നാലു പേർക്ക് മാത്രമാകും ചാമ്പ്യൻസ് ലീഗ് യോഗ്യതയെന്നതിനാൽ ഇനിയുള്ള കളികളിൽ മുഴുവൻ പോയിന്റും പിടിച്ച് കടമ്പ കടക്കുകയാകും യുർഗൻ ക്ലോപ് അടക്കം പരിശീലകർക്കു മുന്നിലെ ദൗത്യം.

2007-08 സീസണിനു ശേഷം ആദ്യമായാണ് ഗണ്ണേഴ്സ് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 14 കളികളിൽ 12ഉം ജയിച്ചാണ് ടീം വലിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. എന്നാൽ, ആദ്യ 14ൽ ഇത്രയും ജയം പിടിച്ച ടീമുകളെല്ലാം പ്രിമിയർ ലീഗ് കിരീടം പിടിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. എമിറേറ്റ്സ് മൈതാനത്ത് വെസ്റ്റ് ഹാമിനെതിരെയാണ് ഗണ്ണേഴ്സിന് അടുത്ത മത്സരം. രണ്ടാമതുള്ള സിറ്റി 28ന് ലീഡ്സിനെതിരെയും ന്യൂകാസിൽ ഇന്ന് ലെസ്റ്ററിനെതിരെയും കളിക്കും. ലെസ്റ്ററിനെ കടക്കാനായാൽ ന്യൂകാസിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറും.

മുൻനിര ടീമുകളായ ലെസ്റ്റർ പോയിന്റ് പട്ടികയിൽ 13ാമതും എവർടൺ 17ാമതുമാണ്. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആവേശത്തുടക്കം നൽകിയ വെസ്റ്റ് ഹാമും ഇത്തവണ ഏറെ പിറകിൽ 16ാമതാണ്.

അതേ സമയം, ഒന്നര മാസത്തെ ഇടവേള അതിവേഗം മറികടക്കാൻ ഇനിയുള്ള നാളുകളിൽ ടീമുകൾക്ക് മത്സരത്തിരക്കാകും. ​പ്രിമിയർ ലീഗിനൊപ്പം ഇ.എഫ്.എൽ കപ്പ്, എഫ്.എ കപ്പ് എന്നീ ആഭ്യന്തര ലീഗുകളും ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളും നടക്കും. 

Tags:    
News Summary - Premier League: State of play as English top flight returns after World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.