ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയുടെ അപരാജിത കുതിപ്പ് തുടരുന്നു. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മറും മിന്നി തിളങ്ങിയ മത്സരത്തിൽ 4-3ന് ട്രോയ്സിനെ പരാജയപ്പെടുത്തി. പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടു തവണ പിന്നിൽനിന്നശേഷമാണ് പി.എസ്.ജി ജയിച്ചു കയറിയത്.
പി.എസ്.ജിക്കുവേണ്ടി മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ (പെനാൽറ്റി), സ്പാനിഷ് താരം കാർലോസ് സോളർ എന്നിവർ ഗോളുകൾ നേടി. ട്രോയ്സിനുവേണ്ടി മാമ ബാൾഡെ രണ്ടുതവണ വലകുലുക്കി. ക്രൊയേഷ്യൻ താരം ആന്റെ പലവേർസയുടെ വകയായിരുന്നു മൂന്നാം ഗോൾ. കളിയുടെ തുടക്കത്തിൽ ട്രോയിസ് ഞെട്ടിച്ചെങ്കിലും രണ്ടാം പകുതിയിൽ പി.എസ്.ജി സമ്പൂർണ ആധിപത്യം നിലനിർത്തി.
മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ട്രോയ്സാണ്. റോണി ലോപസിന്‍റെ അസിസ്റ്റിൽ മാമ ബാൾഡെ കിടിലൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. 24-ാം മിനിറ്റിൽ കാർലോസ് സോളറുടെ ഗോളിൽ പി.എസ്.ജി സമനില പിടിച്ചു. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. ഇതിനിടെ നെയ്മറിനും മെസ്സിക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. രണ്ടാം പകുതിയിൽ ട്രോയ്സ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു.
ഒഡോബെർട്ടിന്റെ അസിസ്റ്റിൽ ബാൾഡെ വീണ്ടും വലകുലുക്കി. ട്രോയ്സിന്‍റെ സന്തോഷത്തിന് അധിക ആയുസ്സില്ലായിരുന്നു. 55ാം മിനിറ്റിൽ മെസ്സി മാജിക് പി.എസ്.ജിയെ ഒപ്പമെത്തിച്ചു. ബോക്‌സിന് പുറത്ത് നിന്ന് മെസ്സി തൊടുത്ത ഒരു ലോങ് റേഞ്ചർ ഷോട്ട് ഗോളിയെയും കടന്ന് ട്രോയ്സിന്‍റെ വലയിൽ. സെർജിയോ റാമോസിന്‍റെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.
62ാം മിനിറ്റിൽ നെയ്മറിന്‍റെ ഗോളിൽ പി.എസ്.ജി മുന്നിലെത്തി. മെസ്സി നൽകിയ ഒന്നാംതരം പാസ്സാണ് ഗോളിലെത്തിയത്. 77ാം മിനിറ്റിൽ സോളറിനെ ബോക്‌സിൽ വീഴ്ത്തിയതിന് പി.എസ്.ജിക്ക് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത എംബാപ്പെ പന്ത് അനായാസം വലയിലെത്തിച്ചു. 88ാം മിനിറ്റിൽ ട്രോയ്സിന്‍റെ മൂന്നാം ഗോൾ. റിപാർട്ടിന്റെ അസിസ്റ്റിൽ പലവേർസ ഗോൾ നേടി.
ലീഗ് വണ്ണിൽ 13 മത്സരങ്ങളിൽ നിന്നു 35 പോയിന്റുമായി പി.എസ്.ജി ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ലെൻസിന് 13 കളികളിൽനിന്ന് 30 പോയിന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.