ഫ്രഞ്ച് കപ്പിൽ കരുത്തരായ പി.എസ്.ജിക്ക് തകർപ്പൻ ജയം. ആറാം നിര ക്ലബായ റെവലിനെ ഏകപക്ഷീയമായ ഒമ്പതു ഗോളുകൾക്കാണ് പി.എസ്.ജി തരിപ്പണമാക്കിയത്.
സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഹാട്രിക് നേടി. ഇതോടെ ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം എംബാപ്പെ സ്വന്തമാക്കി. മത്സരത്തിന്‍റെ 16ാം മിനിറ്റിൽ എംബാപ്പെയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 45, 48 മിനിറ്റുകളിലും നായകൻ ലക്ഷ്യംകണ്ടു. 22 മത്സരങ്ങളിൽനിന്നായി ഫ്രഞ്ച് കപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 30 ആയി. റെവലിന്‍റെ തട്ടകമായ കാസ്ട്രെസിലെ സ്റ്റേഡ് പിയറി-ഫാബ്രെയിൽ മത്സരത്തിന്‍റെ സമസ്ത മേഖലയിലും ലീഗ് വൺ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു.
കോലോ മുവാനി ഇരട്ടഗോളുകളുമായി തിളങ്ങി. 76, 90 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. മാർകോ അസെൻസിയോ (43ാം മിനിറ്റിൽ), ഗോൻസാലോ റാമോസ് (71 -പെനാൽറ്റി), എൻഡോർ (87) എന്നിവരാണ് മറ്റു സ്കോറർമാർ. ഒരു ഗോൾ റെവൽ താരം ഗ്യൂസ്സന്‍റെ വകയായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപിടിയിലൊതുക്കുകയാണ് പി.എസ്.ജിയുടെ ലക്ഷ്യം.
2022ൽ നീസിനോടും 2023ൽ മാഴ്സലയോടുമാണ് പരാജയപ്പെട്ടത്. സീസണിലെ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ് ഫ്രഞ്ച് കപ്പെന്ന് പരിശീലകൻ ലൂയിസ് എൻറിക്വെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.