ലീഗ് വണ്ണിൽ റെയിംസിനെതിരെ ലയണൽ മെസ്സിയുടെ അഭാവത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) സൂപ്പർതാരം കിലിയൻ എംബാപ്പെയെ ട്രോളി സമൂഹ മാധ്യമങ്ങൾ. സീസണിൽ ആദ്യമായാണ് ഗോൾ നേടാതെ പാരിസുകാർ ഒരു മത്സരം പൂർത്തിയാക്കുന്നത്. ശനിയാഴ്ച റെയിംസിനോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ.
പരിക്കേറ്റ ലയണൽ മെസ്സിക്ക് പുറമെ നെയ്മർ ആദ്യപകുതിയിൽ കളത്തിലിറങ്ങാതിരിക്കുകയും ചെയ്തതോടെ പാബ്ലോ സരബിയയും കാർലോസ് സോളറുമാണ് എംബാപ്പെക്കൊപ്പം ആക്രമണത്തിനിറങ്ങിയത്. മെസ്സിയുടെയും നെയ്മറുടെയും അഭാവത്തിൽ എംബാപ്പെ ആക്രമണത്തിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെയാണ് ആരാധകർ താരത്തിനെതിരെ തിരിഞ്ഞത്.
"പണക്കാരന് ശരിയായി പ്രവർത്തിക്കാൻ കഴിയുന്നില്ല, അയാൾ പശുവിനെപ്പോലെ ഓടുന്ന തിരക്കിലാണ്" എന്നായിരുന്നു കമന്റുകളിലൊന്ന്. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ട് എംബാപ്പെയേക്കാൾ മികച്ചവനാണെന്നും ഇരുവരെയും താരതമ്യം ചെയ്യാൻ പോലുമാവില്ലെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു. ഈ സീസണിൽ ഇതുവരെ പി.എസ്.ജിയെ മെസ്സി മുന്നോട്ടു നയിച്ചെന്നും അദ്ദേഹത്തിന്റെ അഭാവത്തിൽ ടീം പതറിയെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.
സീസണിൽ ഇതുവരെ എംബാപ്പെ മികച്ച ഫോമിലായിരുന്നു. 12 മത്സരങ്ങളിൽനിന്ന് 11 ഗോളുകളാണ് താരം നേടിയത്. അതേസമയം, 13 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളും നിരവധി അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടുകയും എട്ട് ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്ത നെയ്മറും തകർപ്പൻ ഫോമിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.