പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനു മുന്നിൽ കാലിടറി ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായ പാരിസ് സെന്‍റ് ജെർമൻ (പി.എസ്.ജി) വൻ അഴിച്ചുപണിക്ക് തയാറെടുക്കുന്നു. ഏറ്റവും മികച്ച നിരയെ കളത്തിലിറക്കിയിട്ടും ഇരു പാദങ്ങളിലുമായി 0-3 എന്ന സ്കോറിനാണ് ഫ്രഞ്ച് കരുത്തർ വീണത്.
പ്രീക്വാർട്ടർ കടമ്പ കടക്കാനാവാതെ ടീം വീണ്ടും പുറത്തായതിൽ ക്ലബ് മാനേജ്മെന്‍റിനും വലിയ അതൃപ്തിയുണ്ട്. ഓരോ സീസണിലും പരമാവധി മികച്ച താരങ്ങളെ അതിലേറെ ഉയർന്ന വില നൽകി സ്വന്തമാക്കിയിട്ടും വലിയ പോരിടങ്ങളിൽ മുട്ടിടിക്കുകയെന്ന ശീലം മ്യൂണിക്കിലും ആവർത്തിച്ചായിരുന്നു പി.എസ്.ജി മടക്കം. സമ്മർ ട്രാൻസ്ഫറിൽ തന്നെ ടീമിൽ കാര്യമായ അഴിച്ചുപ്പണി നടത്താനാണ് ക്ലബിന്‍റെ നീക്കം.
എട്ടുപേരെയാണ് ക്ലബ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ താരങ്ങളെ സമ്മർ ട്രൻസ്ഫറിൽ തന്നെ ക്ലബിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ ഏഴു സീസണുകളിൽ അഞ്ചു തവണയും പി.എസ്.ജിക്ക് പ്രീക്വാർട്ടർ കടമ്പ കടക്കാനായിട്ടില്ല. ഇതിൽ ക്ലബ് പ്രസിഡന്റ് നാസർ അൽ-ഖെലൈഫിക്ക് കടുത്ത അമർഷമുണ്ട്. പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറിനോടും ഉപദേഷ്ടാവ് ലൂയിസ് കാംപോസിനോടും ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
സീസൺ അവസാനത്തോടെ ക്ലബിൽ കാതലായ മാറ്റം വരുത്താനാണ് ആലോചനകൾ നടക്കുന്നത്. എട്ടു താരങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്‍റർമിലാനിലെ സ്ലോവാക്യ താരം മിലൻ സ്ക്രിനിയറാണ് ഇതിലൊന്ന്. പ്രതിരോധ താരത്തെ ദീർഘകാലത്തെ കരാറിൽ ക്ലബിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്. പ്രതിരോധം ശക്തമാക്കാനായി സ്പാനിഷ് താരമായ പോ ടോറസും പട്ടികയിലുണ്ട്. നിലവിൽ വിയ്യാറയൽ താരമാണ്.
പി.എസ്.വി ഐന്തോവൻ മധ്യനിരതാരം ഇബ്രാഹിം സംഗരെയാണ് പട്ടികയിലെ മറ്റൊരാൾ. എന്നാൽ, ഇതിനുള്ള സാധ്യത വളരെ കുറവാണ്. അടുത്തിടെയാണ് താരം ഡച്ചു ക്ലബുമായി 2027 വരെ കരാർ ഒപ്പിട്ടത്. അങ്ങനെയെങ്കിൽ പകരക്കാരനായി ബൊറൂസിയയുടെ ഫ്രഞ്ച് താരം കൊവാഡിയോ കോണിനെയാണ് ക്ലബ് പരിഗണിക്കുന്നത്. മുന്നേറ്റത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം ബെർണാഡോ സിൽവയാണ് ക്ലബിന്‍റെ പ്രധാന ലക്ഷ്യം.
സ്ട്രൈക്കറായി നൈജീരിയയുടെ വിക്ടർ ഒസിംഹെനായും ക്ലബ് കരുക്കൾ നീക്കുന്നുണ്ട്. നെപ്പോളിയൻ താരമാണ്. അതേസമയം, സൂപ്പർതാരം ലയണൽ മെസ്സിയുടെ കരാർ പുതുക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂയിനർ ക്ലബി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.