മൊണോക്കോയോട് നാണംകെട്ട തോൽവി; പി.എസ്.ജിയിൽ ‘പൊട്ടിത്തെറി’; സഹതാരങ്ങളോട് കൊമ്പുകോർത്ത് നെയ്മർ

ലീഗ് വണ്ണില്‍ മൊണോക്കോക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പരസ്പരം പഴിചാരി പി.എസ്.ജി താരങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിനായിരുന്നു പി.എസ്.ജിയുടെ തോല്‍വി.

സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും ഇല്ലാതെയാണ് ഫ്രഞ്ച് വമ്പന്മാർ കളത്തിലിറങ്ങിയത്. ടീമിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഒളിമ്പിക് മാഴ്സെയോട് തോറ്റ് ഫ്രഞ്ച് കപ്പിലും ടീം പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടത്തിൽ ബുധനാഴ്ച ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ നേരിടാനിരിക്കെയാണ് ടീമിലെ താരങ്ങൾക്കിടയിലെ അസ്വാരസ്യം പുറത്തുവരുന്നത്.

മത്സരശേഷം ഡ്രസിങ് മുറിയിലെത്തിയ നെയ്മർ സഹതാരങ്ങളായ വിറ്റിനയോടും ഹ്യൂഗോ എകിറ്റികെയോടും കൊമ്പുകോർത്തതായി വിവിധ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെസ്സിയുടെയും എംബാപ്പെയുടെയും അഭാവത്തിൽ ഇരുതാരങ്ങളും മത്സരത്തിൽ മികവ് പുലർത്തിയില്ലെന്നാണ് നെയ്മറുടെ പരാതി. മധ്യനിര താരമായ വിറ്റിനയുടെ കൃത്യതയില്ലാത്ത പാസ്സുകളാണ് നെയ്മറെ ചൊടിപ്പിച്ചത്.

സ്ട്രൈക്കർ എകിറ്റികെയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നുവെന്നാണ് നെയ്മറുടെ പരാതി. സ്പോർട്ടിങ് ഉപദേശകനായ ലൂയിസ് കാപോസും നെയ്മറും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഡ്രസിങ് റൂമിലെത്തിയ ലൂയിസ് മത്സരത്തിൽ ടീമിന്‍റെ പ്രകടനത്തെ വിമർശിച്ചതാണ് ഏതാനും താരങ്ങളെ ചൊടിപ്പിച്ചത്. ആക്രമണോത്സുക ഫുട്ബാൾ കളിച്ചില്ലെന്നായിരുന്നു ലൂയിസിന്‍റെ പ്രധാന വിമർശനം.

ഇതിനെ ചോദ്യം ചെയ്ത് നെയ്മറും മാർക്വിഞ്ഞോസും രംഗത്തുവന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പേശിക്ക് പരിക്കേറ്റ മെസ്സി ബയേണിനെതിരായ മത്സരത്തിൽ മടങ്ങിയെത്തും. എന്നാൽ, എംബാപ്പെക്ക് മത്സരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

Tags:    
News Summary - PSG in Crisis after Neymar’s Clash With Teammates and Luis Campos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.