പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാർക്ക് സമനിലക്കുരുക്ക്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി പോർച്ചുഗലിൽനിന്നുള്ള ബെന്‍ഫിക്കയോടും സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഷാക്തറിനോടും മാഞ്ചസ്റ്റർ സിറ്റി കോപ്പൻഹേഗനോടുമാണ് സമനിലയില്‍ കുരുങ്ങിയത്. ബൊറൂസിയ ഡോട്ട്മുണ്ട്-സെവിവ്വ പോരാട്ടവും സമനിലയിൽ അവസാനിച്ചു. ചെൽസി എതിരില്ലാത്ത രണ്ട് ഗോളിന് എ.സി മിലാനെ തോൽപിച്ചപ്പോൾ ഇറ്റാലിയൻ കരുത്തരായ യുവന്റസ് മക്കാബി ഹൈഫയോട് തോറ്റു.
സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ പി.എസ്.ജിയും ബെൻഫിക്കയും ഒരോ ഗോളടിച്ചാണ് സമനില പാലിച്ചത്. 39ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. പി.എസ്.ജിക്കായി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡും ഇതിലൂടെ എംബാപ്പെ സ്വന്തമാക്കി. എഡിസൻ കവാനിയെയാണ് മറികടന്നത്. അറുപത്തിരണ്ടാം മിനിറ്റില്‍ യാവോ മരിയോയുടെ പെനാല്‍റ്റി ഗോളിലാണ് ബെന്‍ഫിക്ക സമനില പിടിച്ചത്.
റയല്‍ മാഡ്രിഡ് ഇഞ്ചുറി ടൈമിലെ ഗോളില്‍ തോല്‍വിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഷാക്തറാണ് വമ്പന്മാരെ 1-1ന് തളച്ചത്. ഒലക്‌സാണ്ടര്‍ ഡോണട്‌സ്‌കിന്റെ ഗോളിൽ ഷാക്തർ റയലിനെ വിറപ്പിച്ചപ്പോൾ ഇഞ്ചുറി സമയത്ത് ആന്റോണിയോ റൂഡ്രിഗറാണ് സ്‍പെയിൻകാരെ രക്ഷിച്ചത്.
സൂപ്പർ താരം എർലിങ് ഹാലണ്ടില്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ കോപ്പന്‍ഹേഗന്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. റിയാദ് മെഹറസിന് കിട്ടിയ പെനാല്‍റ്റിയടക്കം നിരവധി അവസരങ്ങളാണ് സിറ്റി തുലച്ചത്. സെര്‍ജിയോ ഗോമസ് മുപ്പതാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും സിറ്റിക്ക് തിരിച്ചടിയായി.
ബൊറൂസിയ ഡോട്ട്മുണ്ട്-സെവിയ്യ പോരാട്ടവും സമനിലയിലായി. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. പതിനെട്ടാം മിനിറ്റില്‍ താന്‍ഗായ് നിയാന്‍സുവിന്റെ ഗോളിലൂടെ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. 35ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാം ഗോള്‍ മടക്കി.
വമ്പന്മാരുടെ പോരില്‍ ചെല്‍സി എ.സി മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. 21ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജീഞ്ഞോയും 34ാം മിനിറ്റില്‍ ഒബൂമയാങ്ങുമാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. അതേസമയം, യുവന്റസിനെ മക്കാബി ഹൈഫ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്റസ് തോറ്റത്. തോല്‍വിയോടെ യുവന്റസിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.