പാരിസ്: കഴിഞ്ഞ കളിയിലെ പടലപ്പിണക്കങ്ങളും പരിഭവങ്ങളും പടിക്കുപുറത്തുനിർത്തി ഒരുമനസ്സോടെ പാരിസ് സെന്റ് ജെർമെയ്ൻ തകർത്താടിയപ്പോൾ പിറന്നത് അത്യുജ്ജ്വല ജയം. തങ്ങളുടെ സൂപ്പർ താരത്രയം അരങ്ങുവാണ ഫ്രഞ്ച് ലീഗ് മത്സരത്തിൽ താരതമ്യേന കരുത്തരായ ലില്ലെയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ ഏഴുഗോളുകൾക്കാണ് പി.എസ്.ജി മുക്കിയത്. കിലിയൻ എംബാപ്പെ ഹാട്രിക് ഗോളുകളുമായി ആക്രമണത്തിന് മുന്നിൽനിന്നപ്പോൾ രണ്ടു ഗോൾ നെയ്മറിന്റെ ബൂട്ടിൽനിന്നായിരുന്നു. ലയണൽ മെസ്സി ഒരുഗോൾ നേടി.
മത്സരത്തിലെ ആറു ഗോളും നാല് അസിസ്റ്റും മെസ്സി-നെയ്മർ-എംബാപ്പെ ത്രയത്തിന്റെ ഒരുമയിലാണ് പിറന്നത്. രണ്ടു ഗോളിനൊപ്പം മൂന്നു ഗോളിന് ചരടുവലിച്ച് നെയ്മർ തന്റെ ക്രാഫ്റ്റ് വെളിപ്പെടുത്തിയ മത്സരം കൂടിയായി ഇത്. ഒരുഗോൾ അഷ്റഫ് ഹക്കീമിയുടെ വകയായിരുന്നു.
മോണ്ട്പെല്ലിയറിനെതിരായ കഴിഞ്ഞ കളിയിൽ പെനാൽറ്റി കിക്ക് എടുക്കാൻ പരസ്യമായി തർക്കിച്ച് വിവാദത്തിലായ എംബാപ്പെയും നെയ്മറും അതെല്ലാം മറന്നപ്പോൾ കിക്കോഫ് വിസിലിൽനിന്നുതന്നെ പി.എസ്.ജി ഗോൾനേടി. ടച്ച് ചെയ്തു നീക്കിയ പന്ത് മെസ്സി സമർഥമായി എംബാപ്പെക്ക് ത്രൂബോളിലൂടെ ഉയർത്തിയിട്ടുനൽകുമ്പോൾ മുന്നിൽ ഗോളി മാത്രം. തടയാനെത്തിയ ഗോൾകീപ്പർക്ക് മുകളിലൂടെ ഫ്രഞ്ചുകാരൻ ഗതിമാറ്റിവിട്ട പന്ത് വലക്കണ്ണികൾക്കൊപ്പം ചേരുമ്പോൾ കേവലം എട്ടുസെക്കൻഡ്. പി.എസ്.ജിയുടെ എക്കാലത്തേയും അതിവേഗ ഗോൾ. ലിഗെ വണ്ണിൽ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കോർഡിനൊപ്പം.
അവിടുന്നങ്ങോട്ട് പി.എസ്.ജിയുടെ തേരോട്ടമായിരുന്നു. 27-ാം മിനിറ്റിൽ മെസ്സിയുടെ വകയായിരുന്നു രണ്ടാംഗോൾ. നൂനെ മെൻഡസുമായി ചേർന്ന് കൗശലപൂർവം നടത്തിയ വൺ-ടൂ നീക്കത്തിനൊടുവിൽ എതിർപ്രതിരോധത്തിനിടയിലൂടെ മെസ്സിയുടെ അളന്നുമുറിച്ച ഗ്രൗണ്ടർ വലയിലേക്ക്. 39-ാം മിനിറ്റിൽ നെയ്മറിന്റെ പാസിൽനിന്ന് ഹക്കീമി വല കുലുക്കിയതിനുപിന്നാലെ മെസ്സി ഒരുക്കിയ അവസരം മുതലെടുത്ത് നെയ്മറിന്റെ ആദ്യഗോൾ. ഇടവേളക്ക് പിരിയുമ്പോൾ പി.എസ്.ജി 4-0ത്തിന് മുന്നിലായിരുന്നു.
രണ്ടാംപകുതി ഏഴുമിനിറ്റ് പിന്നിടവേ തന്നിലേക്കെത്തിയ പന്ത് എംബാപ്പെ തന്ത്രപരമായി ഗോളടിക്കാൻ പാകത്തിൽനിൽക്കുന്ന നെയ്മറിന് വിട്ടുനൽകിയത് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചതിന്റെ സൂചനയായിരുന്നു. ഹക്കീമിയുടെ പാസിൽ നെയ്മർ അനായാസം ലക്ഷ്യം കണ്ടു. രണ്ടു മിനിറ്റിനകം ജൊനാതൻ ബാംബ ഒരു ഗോൾ മടക്കിയെങ്കിലും 66, 87 മിനിറ്റുകളിൽ നെയ്മറിന്റെ പാസിൽനിന്ന് വല കുലുക്കി എംബാപ്പെ ഹാട്രിക് തികച്ചു. സ്വന്തം തട്ടകത്തിൽ ലില്ലെയുടെ ഏറ്റവും കനത്ത തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.