മെസ്സിക്കും നെയ്മറിനുമെതിരെ തെറിവിളികളുമായി പി.എസ്.ജി ‘അൾട്രാസ്’; ഇരുവരും ക്ലബ് വിടണമെന്ന് ആവശ്യം

പാരിസ്: രണ്ടുവർഷം മുമ്പ് രാജകീയമായി വരവേറ്റ മണ്ണിൽ ആധുനിക ഫുട്ബാളിലെ താരചക്രവർത്തിക്കെതിരെ ആക്രോശവും തെറിവിളിയുമായി ഒരുപറ്റം പി.എസ്.ജി ആരാധകർ. അനുമതിയില്ലാതെ സൗദി അറേബ്യൻ യാത്ര നടത്തിയതിന് ക്ലബിൽനിന്ന് സസ്​പെൻഡ് ചെയ്യപ്പെട്ട മെസ്സിക്കെതിരെ പ്രതിഷേധവുമായി പി.എസ്.ജി ആസ്ഥാനത്താണ് ഒരുപറ്റം ആരാധകർ ഒന്നിച്ചുകൂടിയത്. ഇവർ മെസ്സിക്കെതിരെ മുദ്രാവാക്യങ്ങളും ആക്രോശങ്ങളും തെറിവിളികളുമൊക്കെയായാണ് രംഗത്തെത്തിയത്. ആരാധകരുടെ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് പി.എസ്.ജി ആരാധകർ ക്ലബ് ആസ്ഥാന​ത്ത് പ്രതിഷേധവുമായെത്തിയത്.

മെസ്സിക്കെതിരെ മാത്രമല്ല, അർജന്റീനാ നായകന്റെ അടു​ത്ത സു​ഹൃത്തും ക്ലബിലെ സഹതാരവും ബ്രസീലിന്റെ സൂപ്പർതാരവുമായ നെയ്മർക്കെതിരെയും പ്രതിഷേധക്കാരുടെ ആക്രോശങ്ങളുയർന്നു. ഇറ്റാലിയൻ താരം മാർകോ വെറാറ്റിക്കെതിരെയും ‘പി.എസ്.ജി അൾട്രാസ്’ എന്നറിയപ്പെടുന്ന തീവ്ര ആരാധക സംഘം മുദ്രാവാക്യം മുഴക്കി. മെഗാഫോണും ബാനറുകളും പോസ്റ്ററുകളുമായൊക്കെയാണ് ആരാധകർ പ്രതിഷേധിക്കാനെത്തിയത്. ഫുട്ബാളിനെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ക്ലബ് ഡയറക്ടർമാരെന്ന് പരിഹസിച്ച ആരാധക സംഘം അവർക്കെതിരെയും കടുത്ത രീതിയിൽ പ്രതികരിച്ചു. ‘പാരിസ് ഞങ്ങളുടേതാണ്, എക്കാലത്തേക്കും ഇനിയൊരുപാടുകാലത്തേക്കും’ എന്ന മുദാവാക്യമാണ് പ്രധാനമായും സംഘം ഉയർത്തിയത്.

ഇതിൽ ഒരു സംഘം ഒരുപടി കൂടി കടന്ന് നെയ്മറി​ന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. താരത്തിന്റെ വസതിക്ക് മുമ്പിൽ തമ്പടിച്ച് മുദ്രാവാക്യം മുഴക്കിയ ഇവർ നെയ്മർ ക്ലബ് വിടണമെന്ന ആവശ്യമാണുന്നയിച്ചത്. ഈ ലാ ലിഗ സീസണിൽ 13 ഗോളും 11 അസിസ്റ്റുമായി ഫോമിലായിരുന്ന നെയ്മർ പരിക്കുകാരണം ഫെബ്രുവരി മുതൽ കളത്തിന് പുറത്താണ്. പി.എസ്.ജിയിൽ പരിശീലനം നേരിയ തോതിൽ പുനരാരംഭിച്ച നെയ്മർ അടു​ത്ത സീസണിൽ ക്ലബിൽ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.

പി.എസ്.ജി അൾട്രാകളുടെ ഈ പ്രവൃത്തിയെ ക്ലബ് തന്നെ പിന്നീട് അപലപിച്ചു. ‘ചുരുക്കം ചില വ്യക്തികൾ ബുധനാഴ്ച നടത്തിയ അസഹനീയവും പരിഹാസ്യവുമായ പ്രവൃത്തിയെ പാരിസ് സെന്റ് ജെർമെയ്ൻ ശക്തമായി അപലപിക്കുന്നു. എന്തൊക്കെ അഭിപ്രായ ഭിന്നതകളുണ്ടായാലും ഇത്തരം പ്രവൃത്തികൾ ഒരിക്കലും ന്യായീകരിക്കാനാവില്ല. കളിക്കാർ, സ്റ്റാഫ് എന്നിവർ ഉൾപ്പെടെ ഇത്തരം നാണംകെട്ട പെരുമാറ്റത്തിലൂടെ അവർ ഉന്നമിടുന്ന എല്ലാവർക്കും ക്ലബ് പരിപൂർണ പിന്തുണ നൽകുന്നു’ -പ്രസ്താവനയിൽ പി.എസ്.ജി വ്യക്തമാക്കി.

സസ്​പെൻഷനു പിന്നാലെ, സീസണ്‍ അവസാനത്തോടെ മെസ്സി പി.എസ്.ജി വിടുമെന്നാണ് റിപ്പോർട്ടുകൾ. പാരിസ് ക്ലബുമായുള്ള കരാർ ജൂണിൽ അവസാനിക്കാനിരിക്കെ, അത് പുതുക്കില്ലെന്ന് പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി അധികൃതരെ അറിയിച്ചിട്ടുണ്ട്. കരാർ പുതുക്കില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അച്ചടക്ക നടപടിയെടുത്തതോടെ താരവും ക്ലബുമായുള്ള ബന്ധം കൂടുതൽ വഷളായി. രണ്ടാഴ്ചത്തേക്കാണ് മെസ്സിയെ പി.എസ്.ജി സസ്പെന്‍ഡ് ചെയ്തത്. ഈ കാലയളവിൽ ക്ലബിന് കീഴിൽ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല. ഈ സമയത്തെ ശമ്പളവും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഏറെക്കാലം പന്തുതട്ടിയ തന്റെ ഇഷ്ടക്ലബായ ബാഴ്സലോണയിലേക്ക് തന്നെ ഇതിഹാസതാരം മടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമാണിപ്പോൾ.

Tags:    
News Summary - PSG ultras chanting against Messi and march to Neymar's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.