പീഡന ആരോപണത്തിന് പിന്നാലെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ മൊറോക്കോ പ്രതിരോധ താരം അഷ്‌റഫ് ഹകിമിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. വ്യാഴാഴ്ച താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് ഫ്രഞ്ച് പ്രോസിക്യൂഷൻ വിഭാഗം അറിയിച്ചു.
23കാരിയാണ് താരത്തിനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്. യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഹകീമിക്കെതിരെ കഴിഞ്ഞയാഴ്ച പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച രാവിലെ പി.എസ്.ജിക്കായി താരം പരിശീലനത്തിനിറങ്ങിയതായി ഫ്രഞ്ച് മാധ്യമമായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
യുവതി രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. കുടുംബം വീട്ടിലില്ലാത്ത സമയത്ത് ഹകീമി ആവശ്യപ്പെട്ട പ്രകാരം വീട്ടിലെത്തിയ തന്നെ ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഒരു മാസത്തോളമായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ തുടർന്ന സൗഹൃദത്തെ തുടർന്നായിരുന്നു വീട്ടിലേക്ക് വിളിച്ചത്. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് പി.എസ്.ജിയും താരവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ അന്വേഷണം പൂർത്തിയായ ശേഷമേ തുടർ നടപടികളുണ്ടാകൂ. ഫെബ്രുവരി 26നാണ് യുവതി പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. പരാതി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു.
വ്യാഴാഴ്ച താരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി പ്രോസിക്യൂഷൻ ഓഫിസ് അറിയിച്ചു. പിന്നാലെയാണ് താരത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. പൊലീസ് നിരീക്ഷണത്തിലാണ് നിലവിൽ താരം. ആരോപണം ഉന്നയിച്ച യുവതിയെ വിളിക്കുകയോ, സ്വാധീനിക്കുകയോ ചെയ്യരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. മൊറോക്കോയെ ലോകകപ്പ് സെമിയിലെത്തിച്ച ടീമിലെ നിറസാന്നിധ്യമായിരുന്നു ഹകീമി.
പി.എസ്.ജിക്കായി കളിക്കുന്ന താരം തിങ്കളാഴ്ച പാരീസിൽ നടന്ന ഫിഫ പുരസ്കാര ചടങ്ങിലും പങ്കെടുത്തിരുന്നു. 2021ലാണ് ഹകീമി പി.എസ്.ജിയിൽ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.