സീസണിൽ പി.എസ്.ജിക്കായി ഇനി നെയ്മറില്ല; അടിയന്തര കണങ്കാൽ ശസ്ത്രക്രിയക്കൊരുങ്ങി താരം

കാലിലേറ്റ പരിക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കൊരുങ്ങുന്ന സൂപർ താരം നെയ്മർ ജൂനിയർ ഈ സീസണിൽ മത്സരരംഗത്തുണ്ടാകില്ലെന്നുറപ്പായി. നീണ്ട അവധി ആവശ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദോഹയിലെ ആസ്പറ്റർ ആശുപത്രിയിലാകും അടിയന്തര ശസ്ത്രക്രിയ.

തുടർ ചികിത്സയും വിശ്രമവുമായി മൂന്നോ നാലോ മാസം പുറത്തിരിക്കുന്ന താരം 2022- 23 സീസണിലെ മത്സരങ്ങളിൽ പി.എസ്.ജിക്കായോ ദേശീയ ജഴ്സിയിലോ ഇറങ്ങില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 19ന് ലിലെക്കെതിരായ മത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ താരം സ്കോർ ചെയ്തിരുന്നു. അതിനു പിന്നാലെയായിരുന്നു എതിർതാരത്തിന്റെ ടാക്ലിങ്ങിൽ വീണത്.

കണങ്കാലിന് ഇതാദ്യമായല്ല നെയ്മർക്ക് പരിക്കേൽക്കുന്നത്. ഖത്തർ ലോകകപ്പിനിടെയും സെർബിയക്കെതിരായ കളിയിൽ പരിക്കേറ്റ് പുറത്തായ നെയ്മർ ഗ്രൂപ് ഘട്ടത്തിൽ പിന്നീട് ഇറങ്ങിയിരുന്നില്ല.

വലതു കണങ്കാലിലെ പരിക്ക് ഇടക്കിടെ സംഭവിക്കുന്നതിനാൽ ലിഗമെന്റ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് മെഡിക്കൽ സംഘം നിർദേശിച്ചിരുന്നു. എന്നാൽ, മികച്ച ഫോമിൽ തുടരുന്ന സീസണിൽ ഇതുവരെയും താരം അതിന് സമ്മതിച്ചിരുന്നില്ല.

അതിനിടെയാണ് വീണ്ടും പരിക്ക് വില്ലനായെത്തുന്നത്. സീസണിൽ ഇതുവരെ 29 കളികളിൽ 18 ഗോളും 17 അസിസ്റ്റുമാണ് താരത്തി​െൻറ സമ്പാദ്യം.

2017ലാണ് ബാഴ്സലോണയിൽനിന്ന് നെയ്മർ പി.എസ്.ജി നിരയിലെത്തുന്നത്. റെക്കോഡ് തുകക്കായിരുന്നു കൈമാറ്റം. വർഷങ്ങൾക്കിടെ ക്ലബ് ജഴ്സിയിൽ 173 തവണ ഇറങ്ങിയ താരം 118 ഗോളുകൾ നേടിയിട്ടുണ്ട്, 77 അസിസ്റ്റും. ക്ലബിനൊപ്പം നാലു തവണ ലിഗ് വൺ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട താരം മൂന്ന് ഫ്രഞ്ച് കപ്പും രണ്ട് ഫ്രഞ്ച് ലീഗ് കപ്പും നാല് ഫ്രഞ്ച് സൂപർ കപ്പും നേടിയിട്ടുണ്ട്.

സീസൺ അവസാനത്തോടെ താരത്തെ വിറ്റൊഴിവാക്കാൻ ടീം ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ചെൽസി ഉൾപ്പെടെ ക്ലബുകൾക്ക് താൽപര്യമുള്ളതായാണ് സൂചന.

Tags:    
News Summary - PSG's Neymar to undergo ankle surgery, ruled out for rest of the season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.