ദോഹ: രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ഖത്തർ സ്റ്റാർസ് ലീഗിന്റെ പുതിയ സീസണിന് ആഗസ്റ്റിൽ പന്തുരുളാനിരിക്കെ ക്ലബുകൾ തീവ്രപരിശീലനത്തിൽ. തന്ത്രങ്ങൾ മെനയാനും ശക്തി വർധിപ്പിക്കാനും താരങ്ങൾ തമ്മിലുള്ള രസതന്ത്രം ഊട്ടിയുറപ്പിക്കുന്നതിനുമായി പരിശീലന ക്യാമ്പുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മിക്കവാറും ടീമുകൾ പ്രീ-സീസൺ പരിശീലന ക്യാമ്പ് വിദേശത്താണ് നിശ്ചയിച്ചിരിക്കുന്നത്. വിദേശ ടീമുകളുമായി പരിശീലന മത്സരം കളിക്കുക എന്നതിനൊപ്പം രാജ്യത്തെ ചൂടുകാലാവസ്ഥയും ഇതിന് കാരണമാണ്. അൽ റയ്യാൻ, അൽ ഷമാൽ ടീമുകൾ നെതർലൻഡ്സിൽ കളിക്കും.
അൽ ദുഹൈൽ സ്പോർട്സ് ക്ലബ്, അൽ അറബി എന്നിവ ആസ്ട്രിയയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻ ടീം അൽ സദ്ദ് സ്പെയിനിലാണ് പരിശീലിക്കുന്നത്. ഖത്തർ സൂപ്പർ താരം അക്റം അഫീഫ് ആണ് ടീമിന്റെ കുന്തമുന. കഴിഞ്ഞ സീസണിൽ ഖത്തരി ലീഗും അമീരി കപ്പും സ്വന്തമാക്കിയ തലയെടുപ്പോടെയാണ് ഇത്തവണ അൽ സദ്ദ് ഇറങ്ങുന്നത്. 2023ൽ മൂന്നാം സ്ഥാനക്കാരായ അൽ ഗറാഫ സ്ലോവാക്യയാണ് പ്രീ സീസൺ വേദിയായി തെരഞ്ഞെടുത്തത്. റയൽ മാഡ്രിഡ് താരം ഹൊസേലു ഉൾപ്പെടെ വമ്പന്മാരെ ടീമിലെത്തിച്ച് കിരീടം ലക്ഷ്യമാക്കിയാണ് ഗറാഫ ഇറങ്ങുന്നത്. അടുത്തയാഴ്ചയോടെ ടീമുകൾ വിദേശത്തേക്ക് തിരിക്കും.
ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി തിരിച്ചെത്തുന്ന രീതിയിലാണ് ടീമുകളുടെ ഷെഡ്യൂൾ. അൽ അഹ്ലി, അൽ അറബി, അൽ വക്റ, ഖത്തർ എഫ്.സി, അൽ റയ്യാൻ, അൽ സദ്ദ്, അൽ ഗറാഫ, ഉമ്മു സലാൽ, അൽ ഷമൽ, അൽ മർഖിയ, മുഐതിർ, അൽ ദുഹൈൽ എന്നീ ടീമുകളാണ് ഖത്തർ ഒന്നാം ഡിവിഷനിൽ മാറ്റുരക്കുന്നത്.
കഴിഞ്ഞ സീസണിൽ അൽ സദ്ദിന് പിറകിൽ അൽ റയ്യാൻ രണ്ടാം സ്ഥാനവും അൽ ഗറാഫ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അൽ വക്റ, അൽ അറബി, അൽ ദുഹൈൽ, ഖത്തർ എഫ്.സി, അൽ ഷമൽ, അൽ അഹ്ലി, അൽ മർഖിയ, മുഐതിർ എന്നിവയായിരുന്നു യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ. 26 ഗോൾ നേടി അൽ സദ്ദിന്റെ അക്റം ആതിഫ് ടോപ് സ്കോററായി. ഉം സലാൽ ക്രൊയേഷ്യൻ സ്ട്രൈക്കർ അന്റോണിയോ മാൻസിയുമായി കരാർ ഒപ്പുവെച്ചു. അൽ വക്റ സ്പാനിഷ് താരം മിഗ്വേൽ അനായേലിനെ ടീമിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.