ദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് ഖത്തർ വേദിയാകുമെന്നും അറബ് കപ്പ് ടൂർണമെൻറ് അതാണ് തെളിയിക്കുന്നതെന്നും ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹീം അൽ ഖലീഫ പറഞ്ഞു. ലോകകപ്പ് ടൂർണമെൻറിനായി ഖത്തർ വളരെ നേരത്തെതന്നെ തയാറായിരിക്കുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഏടായി ഖത്തർ ലോകകപ്പ് മാറുമെന്ന് വിശ്വസിക്കുന്നതായും ശൈഖ് സൽമാൻ ബിൻ ഇബ്രാഹീം അൽ ഖലീഫ കൂട്ടിച്ചേർത്തു. ഏഷ്യൻ ഫുട്ബാൾ കുടുംബത്തിനായി ഖത്തർ ഫുട്ബാൾ അസോസിയേഷനെയും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയെയും അഭിനന്ദിക്കുന്നു. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഏഷ്യൻ രാജ്യങ്ങളെയും അഭിനന്ദിക്കുയാണ്.
തലനാരിഴക്കാണ് ഖത്തറിന് ഫൈനൽ പ്രവേശനം നഷ്ടമായത്. എന്നിരുന്നാലും മികച്ചപ്രകടനമാണ് ആതിഥേയർ പുറത്തെടുത്തത്. ഏഷ്യയിൽനിന്നും അറബ് കപ്പിൽ പങ്കെടുത്ത 10 ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് -ശൈഖ് സൽമാൻ അൽ ഖലീഫ വ്യക്തമാക്കി. അൽജീരിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ശറഫ് എദ്ദീൻ അമാറയും ഖത്തറിെൻറ സംഘാടനമികവിനെ പ്രശംസിച്ചു. പ്രതിസന്ധികൾക്കിടയിലും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി വിജയകരമായ ടൂർണമെൻറാക്കി മാറ്റാൻ ഖത്തറിനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ മൂന്ന് അറബ് കപ്പ് ടൂർണമെൻറുകളിൽ പങ്കെടുത്തിരുന്നെങ്കിലും ആവേശം ഒട്ടും തന്നെയില്ലായിരുന്നു. എന്നാൽ, ഖത്തർ ആതിഥ്യം വഹിച്ച, ഫിഫക്ക് കീഴിൽ ആദ്യമായി അരങ്ങേറിയ അറബ് കപ്പ് ഏറ്റവും മികച്ചതായിരുന്നുവെന്നും കുവൈത്ത് മുൻ രാജ്യാന്തരതാരമായ ബഷാർ അബ്ദുല്ല പറഞ്ഞു. ഖത്തറിെൻറ സംഘാടന മികവാണ് ടൂർണമെൻറിെൻറ വിജയത്തിന് പിന്നിലെന്നും ബഷാർ അബ്ദുല്ല കൂട്ടിച്ചേർത്തു.
ഏറ്റവും മികച്ചരീതിയിലാണ് അറബ് കപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അടുത്ത വർഷത്തെ ലോകകപ്പ് മികവുറ്റതായിരിക്കുമെന്നും പ്രഥമ ഫിഫ അറബ് കപ്പ് ടോപ് സ്കോററായ സൈഫെദ്ദീൻ ജാസിരി പറഞ്ഞു. 2022 ലോകകപ്പിലേക്ക് യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും ജാസിരി പ്രത്യാശ പ്രകടിപ്പിച്ചു. 16 അറബ് ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ-യു.എ.ഇ മത്സരം കാണാൻ 63,439 പേരാണ് എത്തിയത്. ഖത്തർ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണിത്. ഫൈനൽ മത്സരത്തിലും 60,000ലധികം പേരാണ് കാണികളായെത്തിയത്. ആകെ 32 മത്സരങ്ങളിൽനിന്നായി 83 ഗോളുകളാണ് പിറന്നത്. ശരാശരി ഒരുമത്സരത്തിൽ 2.59 ഗോളുകൾ പിറന്നു. തുനീഷ്യയെ പരാജയപ്പെടുത്തി അൽജീരിയ ജേതാക്കളായപ്പോൾ ആതിഥേയരായ ഖത്തർ ഈജിപ്തിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.