ദോഹ: ലുസൈലിലെ ഗാലറിപ്പടവുകളിൽ കടലിരമ്പംപോലെ ഒത്തുചേർന്ന ഒരു ലക്ഷത്തിനടുത്ത് ആരാധകർക്കു നടുവിൽ ഏഷ്യയുടെ ഫുട്ബാൾ രാജകിരീടത്തിൽ വീണ്ടും ഖത്തറിന്റെ മുത്തം. ആവേശകരമായ ഫൈനലിൽ ജോർഡനെ 3-1ന് വീഴ്ത്തിയാണ് സ്വന്തം മണ്ണിൽ കപ്പുയർത്തി ഹസൻ അൽ ഹൈദോസും കൂട്ടുകാരും വീണ്ടും ഏഷ്യൻ ഫുട്ബാളിലെ വല്യേട്ടന്മാരായത്.
നീളൻചുരുൾമുടിയുമായി കളിമൈതാനം അടക്കിവാണ സൂപ്പർതാരം അക്രം അഫീഫ് ഹാട്രിക്കുമായി ഫൈനലിലും ആതിഥേയരുടെ വിജയനായകനായി. കളിയുടെ ഇരു പകുതികളിലുമായി മൂന്നു ഗോളുകളും പെനാൽറ്റിയിലൂടെയാണ് ഖത്തർ ലക്ഷ്യത്തിലെത്തിച്ചതെന്നതും പ്രത്യേകതയാണ്. 22, 73, 95 മിനിറ്റുകളിൽ എതിർ ബോക്സുകളിലെ ഫൗളുകൾ പെനാൽറ്റിയായി മാറിയപ്പോൾ അക്രം അഫീഫിന്റെ ഷോട്ടുകളൊന്നും പിഴച്ചില്ല. 67ാം മിനിറ്റിൽ യാസൻ അൽ നയ്മതിന്റെ വകയായിരുന്നു ജോർഡന്റെ ആശ്വാസ ഗോൾ.
ഫൈനലിലെ ഹാട്രിക്കുമായി എട്ടു ഗോളുകളുമായി അക്രം അഫീഫ് ടൂർണമെൻറിലെ ഗോൾഡൻ ബൂട്ടിനും അവകാശിയായി.
2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിലൂടെ കന്നിക്കിരീടമണിഞ്ഞ ഖത്തർ ഇത്തവണ സ്വന്തം മണ്ണിൽ ഒരു കളിപോലും തോൽക്കാതെയാണ് കിരീടത്തിലെത്തിയത്. ജോർഡന്റെ ആദ്യ ഫൈനൽ പ്രവേശനമായിരുന്നു.
സെമിയിൽ ഇറാനെ വീഴ്ത്തിയ ഇലവനിൽ ചെറിയ മാറ്റങ്ങളുമായാണ് ഖത്തർ ഇറങ്ങിയതെങ്കിലും തന്ത്രം പഴയതുതന്നെയായിരുന്നു. പന്തെടുത്ത് ആക്രമിച്ചുകയറുക. ആദ്യ മിനിറ്റു മുതൽ തുടങ്ങിയ നിരന്തര മുന്നേറ്റങ്ങൾ 22ാം മിനിറ്റിൽ പെനാൽറ്റി നേടിയെടുക്കുന്നതിലാണ് അവസാനിച്ചത്. പ്രതിരോധനിര താരം ലൂകാസ് മെൻഡിസിൽ തുടങ്ങിയ നീക്കവുമായി എതിർ ബോക്സിലേക്ക് ഓടിക്കയറിയ സൂപ്പർതാരം അക്രം അഫീഫിനെ പ്രതിരോധതാരം അബ്ദുല്ല നാസിബ് ഫൗൾ ചെയ്തു വീഴ്ത്തിയപ്പോൾ റഫറിയുടെ വിരലുകൾ പെനാൽറ്റി സ്പോട്ടിലേക്കു നീണ്ടു. കിക്കെടുത്ത അക്രം അഫീഫിന്റെ വലങ്കാലൻ ഷോട്ട് വലയുടെ ഇടതുമൂലയിൽ ലാൻഡ് ചെയ്തപ്പോൾ ഗാലറി ആരവങ്ങളാൽ ഇളകി.
ആദ്യ പകുതിയിൽ ഖത്തർ നേടിയ ഗോളിന് രണ്ടാം പകുതിയിലെ 67ാം മിനിറ്റിലായിരുന്നു ജോർഡന്റെ മറുപടി. വിങ്ങിൽനിന്ന് ഇഹ്സാൻ ഹദ്ദാദിന്റെ ക്രോസ് ബോക്സിനുള്ളിലെത്തുമ്പോൾ ഖത്തർ പ്രതിരോധക്കാരുടെ ട്രാപ്പിൽ പെടാതെ ഒഴിഞ്ഞുനിന്ന യസാൻ അൽ നയ്മത് സ്വീകരിച്ച് തൊടുത്ത ഇടങ്കാലൻ ഷോട്ട് വലയിൽ പതിച്ചു. ഇരമ്പിയാർത്ത ജോർഡൻ ആരവങ്ങളെ സുനാമി തിരമാല കണക്കെ ഉയർത്തുന്നതായിരുന്നു സമനില ഗോൾ.
എന്നാൽ, അതുവരെ കാത്ത പ്രതിരോധത്തിലെ അപ്രതീക്ഷിത വീഴ്ചക്ക് കനത്ത വില നൽകേണ്ടിവന്ന ഖത്തർ തളർന്നില്ല. 73ാം മിനിറ്റിൽ ഇസ്മാഇൽ മുഹമ്മദിനെ ബോക്സിനുള്ളിൽ വീഴ്ത്തിയത് ‘വാർ’ പരിശോധനയിൽ പെനാൽറ്റിയായി മാറിയപ്പോൾ കിക്കെടുക്കാൻ വീണ്ടും അക്രം അഫീഫ് തന്നെയെത്തി. ഒടുവിൽ ഇഞ്ചുറി ടൈമിൽ ജോർഡൻ ആക്രമണം ശക്തമാക്കുന്നതിനിടെ ലഭിച്ച പന്തുമായി കുതിച്ച അക്രം അഫീഫിനെ ജോർഡൻ ഗോളി യസീദ് അബുലൈ വീഴ്ത്തിയതിനും പെനാൽറ്റി ലഭിച്ചപ്പോൾ ഖത്തറിന്റെ വിജയം ഉറപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.