കാനഡയും മെക്സികോയും യു.എസും സംയുക്തമായി ആതിഥ്യമരുളുന്ന 2026ലെ ഫിഫ ലോകകപ്പിൽ 48 രാജ്യങ്ങൾ കളിക്കും. ഇത്തവണ മുതലാണ് പങ്കാളിത്തം 32ൽനിന്ന് 48 ആക്കി ഉയർത്തിയത്. മൂന്ന് ആതിഥേയ ടീമുകൾക്കും യോഗ്യത കടമ്പയില്ലാതെ കളിക്കാം. ബാക്കി 45 ബർത്തുകൾക്കായി 208 രാജ്യങ്ങളാണ് യോഗ്യത റൗണ്ടിന് ഇറങ്ങുന്നത്. പ്ലേ ഓഫ് കൂടാതെ യൂറോപ്പിന് 16, ആഫ്രിക്കക്ക് ഒമ്പത്, ഏഷ്യക്ക് എട്ട്, വടക്കൻ-മധ്യ അമേരിക്കയും കരീബിയനും ചേർന്ന കോൺകകാഫിന് മൂന്ന് (കൂടാതെ മൂന്ന് ആതിഥേയരും), ലാറ്റിനമേരിക്കക്ക് ആറ്, ഓഷ്യാനക്ക് ഒന്ന് എന്നിങ്ങനെയാണ് സ്ലോട്ട്.
ഭൂഖണ്ഡാനന്തര പ്ലേ ഓഫ് കളിച്ച് രണ്ടു ടീമുകളും കയറും. യൂറോപ്പിൽനിന്ന് 55, ആഫ്രിക്കയിൽനിന്ന് 54, ഏഷ്യയിൽനിന്ന് 46, കോൺകകാഫിൽനിന്ന് 32, ഓഷ്യാനയിൽനിന്ന് 11, ലാറ്റിനമേരിക്കയിൽനിന്ന് 10 രാജ്യങ്ങൾ യോഗ്യത റൗണ്ടിൽ കളിക്കും. മത്സരങ്ങൾ 2023 സെപ്റ്റംബർ മുതൽ 2026 മാർച്ച് വരെ നീളും.
ഫ്രാൻസ് ഇന്നിറങ്ങും; സ്പെയിനിന് നാളെ കളി
പാരിസ്: ഇടവേളക്കുശേഷം യൂറോ 2024ന്റെ യോഗ്യത റൗണ്ട് മത്സരങ്ങൾ വ്യാഴാഴ്ച പുനരാരംഭിക്കുന്നു. പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ നയിക്കുന്ന മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ എതിരാളികൾ അയർലൻഡ് റിപ്പബ്ലിക്കാണ്. നെതർലൻഡ്സ്-ഗ്രീസ് മത്സരവും ഇന്ന് നടക്കും. വെള്ളിയാഴ്ച ജോർജിയയും സ്പെയിനും ഏറ്റുമുട്ടുന്നുണ്ട്. ഗ്രൂപ് ബിയിൽ നാലിൽ നാലു കളികളും ജയിച്ച ഫ്രാൻസ് (12) യോഗ്യത ഉറപ്പിച്ച സ്ഥിതിയാണ്. എയിൽ സ്കോട്ട്ലൻഡിനും സിയിൽ ഇംഗ്ലണ്ടിനും ജെയിൽ പോർചുഗലിനും 12 വീതം പോയന്റുണ്ട്. കരുത്തരായ സ്പെയിൻ (3) ഗ്രൂപ് എയിൽ നാലും ഇറ്റലി (3) സിയിൽ മൂന്നും സ്ഥാനത്താണ്. 10 ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ യോഗ്യത നേടും. ആതിഥേയരെന്ന നിലയിൽ ജർമനി നേരിട്ട് കടന്നിട്ടുണ്ട്.
അർജന്റീന-എക്വഡോർ മത്സരം വെള്ളിയാഴ്ച പുലർച്ച
ബ്വേനസ് എയ്റിസ്: 2026ലെ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ലക്ഷ്യമിട്ടുള്ള യാത്രകൾക്ക് തുടക്കമാവുന്നു. വെള്ളിയാഴ്ച പുലർച്ചെ ലാറ്റിനമേരിക്കയിലാണ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നത്. ലോക ചാമ്പ്യന്മാരായ അർജന്റീനയെ എക്വഡോറും പരഗ്വേയെ പെറുവും കൊളംബിയയെ വെനിസ്വേലയും നേരിടും. തൊട്ടടുത്ത ദിവസം ബ്രസീൽ-ബൊളീവിയ, ഉറുഗ്വായ്-ചിലി പോരാട്ടങ്ങളും നടക്കും. ബ്വേനസ് എയ്റിസിലെ മാസ് മൊന്യൂമെന്റൽ സ്റ്റേഡിയത്തിലാണ് ആതിഥേയരായ അർജന്റീന എക്വഡോറുമായി ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം പുലർച്ച 5.30നാണ് മത്സരം. 2026ലെ ലോകകപ്പിൽ കളിക്കില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ടീമിന് യോഗ്യത നേടിക്കൊടുക്കാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് നായകൻ.
ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡി, മിഡ്ഫീൽഡർമാരായ എയ്ഞ്ചൽ ഡി മരിയ, എൻസോ ഫെർണാണ്ടസ്, സ്ട്രൈക്കർ ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രമുഖരെല്ലാം കളത്തിലുണ്ടാവും. പി.എസ്.ജിയിൽനിന്ന് ഇന്റർ മയാമിയിലെത്തിയ മെസ്സി 11 ഗോളുമായി ഉജ്ജ്വല ഫോമിലാണ്. തുടക്കം എല്ലായ്പോഴും സങ്കീർണമാണെന്ന് പരിശീലകൻ ലയണൽ സ്കലോണി പ്രതികരിച്ചു. പുതിയ പരിശീലകൻ ഫെലിക്സ് സാൻഷസ് ബാസിന് കീഴിൽ ഇറങ്ങുന്ന എക്വഡോറിന് കരുത്തേകാൻ ഇയ്യിടെ ചെൽസിയിലെത്തിയ മിഡ്ഫീൽഡർ മൊയ്സസ് കയ്സെഡോ, വെറ്ററൻ സ്ട്രൈക്കർ എന്നർ വലെൻസിയ, കൗമാര സെൻസേഷൻ കെൻഡ്രി പയെസ് തുടങ്ങിയവരിറങ്ങും.
മൂന്നു പോയന്റ് മൈനസിലാണ് എക്വഡോർ എത്തിയിരിക്കുന്നത്. കൊളംബിയൻ വംശജനായ ഡിഫൻഡർ ബൈറോൺ കാസ്റ്റിലോയുടെ ജനന വിവരങ്ങളിൽ കൃത്രിമം കാണിച്ചതിന് ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇവരുടെ മൂന്നു പോയന്റ് കുറച്ചിരിക്കുകയാണ്. അർജന്റീനയെ ആദ്യ കളിയിൽ അട്ടിമറിച്ചാലും എക്വഡോറിന് പൂജ്യത്തിലെത്താനേ കഴിയൂ. പുലർച്ച നാലിന് പരഗ്വേ -പെറു മത്സരം അറാൻഡ അന്റോണിയോ സ്റ്റേഡിയത്തിലും കൊളംബിയ-വെനിസ്വേല കളി 4.30ന് ബറാൻകില മെട്രോപ്പൊളിറ്റൻ സ്റ്റേഡിയത്തിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.