ഇത്തിഹാദ് മൈതാനത്ത് ഗോൾ മെഷീൻ എർലിങ് ഹാലൻഡും മിഡ്ഫീൽഡ് ജനറൽ കെവിൻ ഡി ബ്രുയിനും ചേർന്ന് നടത്തിയ മിന്നലാക്രമത്തിൽ നിലംപരിശായി ഒന്നാം സ്ഥാനക്കാരായ ഗണ്ണേഴ്സ്. എതിരാളികൾക്ക് അവസരമേതും നൽകാതെ സിറ്റി മാത്രമായിപ്പോയ ദിനത്തിൽ ഒന്നിനെതിരെ നാലു ഗോളിനായിരുന്നു ആതിഥേയ ജയം. ഇരു ടീമുകളും മുഖാമുഖം നിന്ന അവസാന 12 മത്സരങ്ങളിലും ജയിച്ച സിറ്റി ആറു സീസണിൽ അഞ്ചാം കിരീടമെന്ന അത്യപൂർവ ചരിത്രത്തിലേക്ക് ഇതോടെ ഏറെ അടുത്തെത്തി.
രണ്ടു പോയിന്റ് ലീഡുമായി ആഴ്സണൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും സമീപകാല പ്രകടനം തീരെ പ്രതീക്ഷ നൽകുന്നില്ലെന്നതും സിറ്റിയെക്കാൾ രണ്ടു കളി കൂടുതൽ കളിച്ചതും ടീമിന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. ഞായറാഴ്ച ഫുൾഹാമിനെതിരായ മത്സരം ജയിക്കാനായാൽ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമാകും. അവസാനം കളിച്ച നാലിലും ജയം അകന്നുനിൽക്കുന്ന ഗണ്ണേഴ്സിനാകട്ടെ ഇനിയുള്ള കളികളിൽ ജയിക്കണമെന്നു മാത്രമല്ല, സിറ്റി താഴോട്ടിറങ്ങുകയും ചെയ്യണം.
തുടക്കത്തിലേ നയം വ്യക്തമാക്കിയായിരുന്നു സ്വന്തം മൈതാനത്ത് പെപ്പിന്റെ കുട്ടികൾ പന്തു തട്ടിത്തുടങ്ങിയത്. സ്വന്തം ഗോൾപോസ്റ്റിനരികിൽനിന്ന് നീട്ടിക്കിട്ടിയ പന്ത് കാലിലെടുത്ത് ഹാലൻഡ് നൽകിയ നെടുനീളൻ പാസ് മനോഹര ഫിനിഷിൽ വലയിലെത്തിച്ച് ഏഴാം മിനിറ്റിൽ ഡിബ്രുയിൻ സിറ്റിക്ക് ലീഡ് നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് കോർണറിൽ തലവെച്ച് സ്റ്റോൺസ് സിറ്റി ലീഡുയർത്തി. ഓഫ്സൈഡ് വിസിൽ മുഴങ്ങിയിരുന്നെങ്കിലും ‘വാർ’ സഹായിച്ചാണ് ഗോൾ അനുവദിക്കപ്പെട്ടത്.
ഇരു പകുതികളിലും നിറഞ്ഞാടിയ ഹാലൻഡും ഡി ബ്രുയിനും തന്നെയായിരുന്നു ഉടനീളം ചിത്രത്തിൽ. ചുരുങ്ങിയത് നാലു വട്ടം ഗോൾശ്രമങ്ങളുമായി നോർവേ താരം എതിരാളികളെ മുൾമുനയിലാക്കിയപ്പോൾ ആരോൺ റംസ്ഡേലിന്റെ മിന്നും സേവുകൾ തുണയായി. രണ്ടാം പകുതിയിൽ ഡി ബ്രുയിൻ ഒരിക്കലൂടെ വല കുലുക്കിയതിനു പിറകെ ഇഞ്ച്വറി സമയത്ത് ഹാലൻഡും ലക്ഷ്യത്തിലെത്തിച്ചതോടെ പട്ടിക പൂർത്തിയായി. അതിനിടെ ഹോൾഡിങ് ആഴ്സണലിനായി ആശ്വാസ ഗോൾ കുറിച്ചു.
സമീപകാല വീഴ്ചകൾ മാറ്റിനിർത്തി വൻകുതിപ്പുമായി അടുത്തിടെ വരെ ഒന്നാം സ്ഥാനത്ത് ഒറ്റയാനായി ഗണ്ണേഴ്സ് നിലനിന്നിടത്താണ് സിറ്റി കയറിവരുന്നത്. ആദ്യം ലിവർപൂളിനു മുന്നിൽ സമനില വഴങ്ങിയും പിന്നീട് വെസ്റ്റ് ഹാമിനോട് തോറ്റും കളി മറന്ന ആഴ്സണലിന് പിന്നീടൊന്നും ശരിയായിട്ടില്ല. ഏറെ പിറകിലുള്ള സതാംപ്ടണോടു വരെ സമനിലയിൽ പിരിഞ്ഞശേഷമാണ് സിറ്റി മൈതാനത്ത് ആർട്ടേറ്റയുടെ സംഘം ഞെട്ടിക്കുന്ന തോൽവിയിലേക്ക് കൂപ്പുകുത്തിയത്.
മറുവശത്ത്, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിക്കാനൊരുങ്ങുന്ന ടീം പ്രിമിയർ ലീഗ് കിരീടവും ഉറപ്പിക്കുന്നുവെന്നതാണ് നിലവിലെ സ്ഥിതി. റയൽ മഡ്രിഡിനെ വീഴ്ത്താനായാൽ സിറ്റിക്ക് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം കൂടുതൽ അടുത്താകും.
ബുധനാഴ്ചയും ഗോൾ കണ്ടെത്തിയതോടെ എർലിങ് ഹാലൻഡ് സീസണിൽ ടീമിനായി നേടുന്ന ഗോളുകളുടെ എണ്ണം 49 ആയി. ഇംഗ്ലീഷ് മുൻനിര ലീഗുകളിൽ 1986-87 സീസണിൽ ൈക്ലവ് അലൻ മാത്രമാണ് മുമ്പ് ഇത്രയും ഗോളുകൾ കുറിച്ച് റെക്കോഡിട്ടിരുന്നത്.
സീസണിൽ ആദ്യാവസാനം മിന്നും ഫോമിലായിരുന്നു ഗണ്ണേഴ്സ്. എതിരാളികൾക്ക് ഒന്ന് എത്തിനോക്കാൻ പോലും സാധ്യമാകില്ലെന്ന് തോന്നിച്ച് പോയിന്റ് ടേബിളിൽ ബഹൂദൂരം മുന്നിൽ നിന്നവർ. മാഞ്ചസ്റ്റർ സിറ്റി കരുത്തോടെ ഒപ്പം പൊരുതിയിട്ടും കളി ഗണ്ണേഴ്സിനോട് വേണ്ടെന്നതായിരുന്നു സ്ഥിതി. എന്നാൽ, എല്ലാം മാറിമറിയാൻ ഏറെയൊന്നും വേണ്ടിവന്നില്ല. പ്രതിരോധത്തിൽ വില്യം സാലിബയെന്ന അതികായൻ പുറത്തിരുന്നതുൾപ്പെടെ അപ്രതീക്ഷിത വീഴ്ചകളിൽ ഗണ്ണേഴ്സിന് എല്ലാം കൈവിട്ടു. ദുർബലർക്ക് മുന്നിൽ പോലും ടീം പതറി. ജയം അന്യം നിൽക്കുന്നതാണിപ്പോൾ ആർട്ടേറ്റയുടെ സംഘത്തിന്റെ വലിയ വേദന. നിിലവിലെ പ്രകടനം പരിഗണിച്ചാൽ ഇത്തവണ കിരീടം വീണ്ടും ഇത്തിഹാദിലേക്ക് തന്നെ വണ്ടി കയറുമെന്ന് എതിരാളികൾ പോലും സമ്മതിക്കുന്നിടത്താണ് കാര്യങ്ങൾ.
മറുവശത്ത് സിറ്റിയാകട്ടെ, വിങ്ങുകളിൽ റിയാദ് മെഹ്റസും ഗ്രീലിഷും മുന്നിൽ ഹാലൻഡും മധ്യനിര നിറഞ്ഞ് ഡി ബ്രുയിനുമുണ്ടാകുമ്പോൾ എല്ലാം ശുഭമെന്ന് നേരത്തെ തീരുമാനിച്ചുകഴിഞ്ഞ മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.