ബാകു (അസർ ബൈജാൻ): കളിയുടെ ഏറിയ പങ്കും പന്ത് കൈവശം വെച്ചിട്ടും മത്സരം വെയ്ൽസിന് മുമ്പിൽ തുർക്കി അടിയറവ് വെച്ചു. 42ാം മിനുറ്റിൽ ആരോൺ റംസി നേടിയ ഗോളിന്‍റെ ബലത്തിൽ മുന്നേറിയ വെയിൽസിന് നിറച്ചാർത്തായി ഇഞ്ച്വറി ടൈമിൽ കാനർ റോബട്സിന്റെ രണ്ടാം ഗോളുമെത്തുകയായിരുന്നു. ജയത്തോടെ വെയിൽസ് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട തുർക്കിയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു. മത്സരത്തിൽ വെയിൽസിനനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർ താരം ഗാരെത് ബെയ്ൽ പുറത്തേക്കടിച്ചു.
ആദ്യം ലഭിച്ച രണ്ട് സുവർണാവസരങ്ങളും പാഴാക്കിയതിന് പ്രായശ്ചിത്തമായി 42ാം മിനിറ്റിലാണ് ആരോൺ റംസിയുടെ ഗോളെത്തിയത്. ഗാരെത് ബെയ്ലിന്റെ അളന്നുമുറിച്ചുള്ള അസിസ്റ്റിന് കൃത്യമായി ഓടിയെത്തിയാണ് റംസി വലകുലുക്കിയത്. ആദ്യ ഗോൾ വഴങ്ങിയ ശേഷം ഉണർന്നെണീറ്റ തുർക്കി പ്രത്യാക്രമണത്തിന് മൂർച്ചകൂട്ടി.
പതിയെ കളം പിടിച്ച തുർക്കിക്ക് മുന്നേറ്റങ്ങൾ ആവിഷ്കരിക്കാനായെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാനോ ഗോൾകീപ്പറെ പരീക്ഷിക്കാനോ ആയില്ല. 59ാം മിനിറ്റിൽ ഗാരെത് ബെയ്ലിനെ വീഴ്ത്തിയതിന് വെയിൽസിന് അനുകൂലമായി പെനൽറ്റി വിധിച്ചു. പക്ഷേ കിക്കെടുക്കാനെത്തിയ ബെയ്ൽ അവിശ്വസനീയമാം വിധം പന്ത് പുറത്തേക്കടിക്കുകയായിരുന്നു.
ഇഞ്ച്വറി ടൈമിൽ വെയിൽസ് പെനൽറ്റി ബോക്സിൽ വെച്ചുണ്ടായ കൈയ്യാങ്കളിക്ക് ഇരുടീമിലേയും രണ്ടുതാരങ്ങൾക്ക് വീതം മഞ്ഞക്കാർഡ് നൽകിയാണ് റഫറി പ്രശ്നം പരിഹരിച്ചത്. 94ാം മിനിറ്റിൽ വിസിൽ മുഴങ്ങാനിരിക്കേയായിരുന്നു റോബർട്സിന്റെ ഗോൾ. ബെയ്ലിന്റെ തന്നെയായിരുന്നു അസിസ്റ്റ്. രണ്ട് ഗോളിനും വഴിയൊരുക്കിയ ബെയ്ൽ തന്നെയാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.