മഡ്രിഡ്: ചാമ്പ്യന്മാരുടെ ചാമ്പ്യനെ തീരുമാനിക്കുന്ന ലീഗിൽ സ്പെയിനിലെയും ഇംഗ്ലണ്ടിലെയും നിലവിലെ ചാമ്പ്യന്മാർ നേർക്കുനേർ. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാംപാദത്തിൽ ചൊവ്വാഴ്ച ഇന്ത്യൻസമയം അർധരാത്രി റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും മുഖാമുഖമെത്തുമ്പോൾ ബോണാബ്യൂവിൽ പ്രതികാരദാഹികളായാണ് സന്ദർശകർ ഇറങ്ങുന്നത്.
കഴിഞ്ഞ വർഷത്തെ സെമിയിൽ സിറ്റിയെ നേരിയ വ്യത്യാസത്തിൽ മറികടന്ന റയൽ മടങ്ങിയത് കിരീടവുമായാണ്. പ്രീമിയർ ലീഗിൽ തകർപ്പൻ ഫോം തുടരുന്ന സിറ്റിക്ക് റയലിനെതിരെ മാനസിക മുൻതൂക്കമുണ്ടെങ്കിലും ഇവിടെ കളികൈവിട്ടാൽ ഇത്തിഹാദിൽ തിരിച്ചുവരവ് അസാധ്യമായേക്കുമെന്ന തിരിച്ചറിവ് ആതിഥേയർക്കുമുണ്ട്.
ഗോളടിയന്ത്രം എർലിങ് ഹാലൻഡിന്റെ തകർപ്പൻ ഫോമിൽത്തന്നെയാണ് സിറ്റിയുടെ പ്രതീക്ഷ. റയലിനെ സംബന്ധിച്ച് പരിക്കുകൾ വലിയ പ്രശ്നമാണ്. മിഡ്ഫീൽഡർ ഡാനി സെബലോസ് കളിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡി പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നെങ്കിലും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. സ്റ്റാർ പ്ലേമേക്കർ ലൂക മോഡ്രിച്ചും നൂറു ശതമാനം ഫിറ്റല്ല.
ക്വാർട്ടർ ഫൈനലിൽ മൂന്നാം മഞ്ഞക്കാർഡ് കണ്ട സെന്റർ ബാക്ക് എഡർ മിലിറ്റാവോക്ക് ഇന്നത്തെ മത്സരം നഷ്ടമാവും. 2022ലെ സെമിയുടെ ആദ്യ പാദത്തിൽ 4-3നാണ് സിറ്റി സ്വന്തം കാണികൾക്കു മുന്നിൽ കളംപിടിച്ചത്. രണ്ടാം പാദം 1-3ന് ജയിച്ച റയൽ 5-6ന് ഫൈനലിലേക്കു മുന്നേറി. ലാ ലീഗയിൽ പ്രതീക്ഷ പോയി രണ്ടാമതാണ് ടീം ഇപ്പോൾ. സിറ്റിയാവട്ടെ പ്രീമിയർ ലീഗ് കിരീടത്തിനരികിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.