സെൽറ്റ വിഗോയെ തരിപ്പണമാക്കി റയൽ മാഡ്രിഡിന്റെ വിജയഭേരി

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ തകർത്ത് ഒന്നാം സ്ഥാനം ഭദ്രമാക്കി റയൽ മാഡ്രിഡ്. എതിരില്ലാത്ത നാല് ഗോളിനാണ് റയൽ ജയിച്ചുകയറിയത്. സസ്​പെൻഷൻ കാരണം ജൂഡ് ബെല്ലിങ്ഹാം ഇല്ലാതെയാണ് റയൽ ഇറങ്ങിയത്. മത്സരം തുടങ്ങിയയുടൻ രണ്ടുതവണ എഡ്വാർഡോ കമവിംഗ എതിർ ഗോൾകീപ്പർ വിൻസന്റെ ഗ്വെയ്റ്റയെ പരീക്ഷിച്ചെങ്കിലും കീഴടക്കാനായില്ല. 21ാം മിനിറ്റിൽ റയൽ അക്കൗണ്ട് തുറന്നു. ലൂക മോഡ്രിച്ച് എടുത്ത ഫ്രീകിക്ക് റൂഡ്രിഗർ ഹെഡറിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ തടഞ്ഞു. എന്നാൽ, റീബൗണ്ടിൽ പന്ത് ലഭിച്ച വിനീഷ്യസിന്റെ ​ആദ്യ ഷോട്ട് ഗോൾകീപ്പർ ത​ടഞ്ഞെങ്കിലും രണ്ടാം തവണ അനായാസം വലയിലെത്തിക്കുകയായിരുന്നു. 38ാം മിനിറ്റിലാണ് സെൽറ്റ വിഗോക്ക് മികച്ച അവസരം ലഭിക്കുന്നത്. എന്നാൽ, റയൽ ഗോൾകീപ്പറെ മറികടക്കാനായില്ല.

രണ്ടാം പകുതിയിലും റയൽ എതിർ ഗോൾമുഖത്തേക്ക് ആക്രമിച്ചു കയറിയെങ്കിലും ബ്രഹിം ഡയസിന്റെയും റോ​ഡ്രിഗോയുടെയും വിനീഷ്യസിന്റെയുമെല്ലാം ഷോട്ടുകൾ എതിർ ഗോൾകീപ്പർ കൈയിലൊതുക്കി. എന്നാൽ, 79ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. മോഡ്രിച്ചിന്റെ കോർണർ കിക്കിൽനിന്ന് തന്നെയായിരുന്നു ഇത്തവണയും ഗോളിന്റെ പിറവി. ബാൾ റൂഡ്രിഗർ ഹെഡ് ചെയ്തപ്പോൾ ക്രോസ് ബാറിലും എതിർ ഗോൾകീപ്പറുടെ ദേഹത്തും തട്ടി വലയിൽ കയറുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളുമെത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ വിനീഷ്യസ് പന്ത് എതിർ ബോക്സിലേക്ക് ക്രോസ് ചെയ്തപ്പോൾ സെൽറ്റ വിഗോ താരം കാർലോസ് ഡൊമിൻഗ്വസിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ റയൽ പട്ടിക തികച്ചു. ടർക്കിഷ് കൗമാര താരം ആർദ ഗുലേർ ആണ് റയലിനായി തന്റെ ആദ്യ ഗോൾ കുറിച്ചത്. സെബലോസ് നൽകിയ പാസ് പിടിച്ചെടുത്ത ഗുലേർ എതിർ ഗോൾകീപ്പറെ വെട്ടിച്ച് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു.

ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ജിറോണയുമായുള്ള പോയന്റ് വ്യത്യാസം റയൽ ഏഴായി ഉയർത്തി. റയലിന് 69 പോയന്റുള്ളപ്പോൾ രണ്ടാമതുള്ള ജിറോണക്ക് 62ഉം മൂന്നാമതുള്ള ബാഴ്സലോണക്ക് 61ഉം പോയന്റാണുള്ളത്. മറ്റു മത്സരങ്ങളിൽ അലാവെസ് റയോ വയെകാനോയെയും (1-0), അത്‍ലറ്റികോ ബിൽബാവോ ലാസ് പൽമാസിനെയും (2-0), വിയ്യറയൽ റയൽ ബെറ്റിസിനെയും (3-2) തോൽപിച്ചു. 

Tags:    
News Summary - Real Madrid beat Celta Vigo on a winning streak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.