ഒരു ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചടി; സോസിഡാഡിനെ വീഴ്ത്തി (1-2) റയൽ മഡ്രിഡ് ഒന്നാമത്

സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിന്‍റെ മറ്റൊരു തിരിച്ചുവരവ്. ലാ ലിഗയിൽ റയൽ സോസിഡാഡിനെതിരെ ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു റയലിന്‍റെ തിരിച്ചുവരവ്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്‍റെ ജയം. ഇതോടെ ലീഗ് പട്ടികയിൽ ബാഴ്സയെ പിന്തള്ളി ആഞ്ചലോട്ടിയും സംഘവും ഒന്നാമതെത്തി. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ആൻഡർ ബാരെനെറ്റ്‌ക്‌സിയയിലൂടെ സോസിഡാഡ് ലീഡെടുത്തു. ബാരെനെറ്റ്‌ക്‌സിയയുടെ ആദ്യ ഷോട്ട് റയൽ കീപ്പർ കെപ അരിസാബലാഗെ തട്ടിയകറ്റിയെങ്കിലും റിബൗണ്ട് പന്ത് താരം വലയിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ (46ാം മിനിറ്റിൽ) ഫെഡെറികോ വാൽവെർദെയിലൂടെ റയൽ മത്സരത്തിൽ ഒപ്പമെത്തി.

ബോക്സിന്‍റെ എഡ്ജിൽനിന്നുള്ള താരത്തിന്‍റെ ഷോട്ട് പോസ്റ്റിന്‍റെ ഇടതുബാറിൽ തട്ടി പന്ത് വലയിലേക്ക്. 60ാം മിനിറ്റിൽ ജോസേലുവാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ഫ്രാൻ ഗാർസിയയുടെ ക്രോസിൽനിന്നുള്ള പന്ത് തകർപ്പൻ ഹെഡറിലൂടെ ജോസേലു വലക്കുള്ളിലാക്കി. ബുധനാഴ്ചയാണ് റയലിന്‍റെ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം.

യൂനിയൻ ബെർലിനെതിരെ അവരുടെ തട്ടകത്തിലാണ് മത്സരം. നിലവിൽ ലാ ലിഗയിൽ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച റയലിന് 15 പോയന്‍റാണുള്ളത്. രണ്ടാമതുള്ള ബാഴ്സലോണക്ക് അഞ്ചു മത്സരങ്ങളിൽനിന്ന് നാലു ജയവും ഒരു സമനിലയുമായി 13 പോയന്‍റും.

Tags:    
News Summary - Real Madrid come from behind to beat Real Sociedad in LaLiga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.